ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുദിവസം; വെളളത്തിനടിയിലായി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ

ഉദ്ഘാടനം കഴിഞ്ഞതിനു ശേഷം ആദ്യമായി പെയ്ത മഴയിൽ വെള്ളത്തിനടിയിലായി ബെംഗളുരു മൈസുരു എക്സ്പ്രസ് വേ. ഇന്നലെ ബെംഗളുരുവിലും അടുത്തുള്ള പ്രദേശങ്ങളിലും ഒരു മണിക്കൂർ ശക്തമായ മഴ പെയ്തതോടെയാണ് ബൈപ്പാസിൽ രാമനഗരയിൽ വലിയ വെള്ളക്കെട്ടുണ്ടായത്. പല സ്ഥലങ്ങളിലും സർവീസ് റോഡുകളും അണ്ടർപാസുകളും വെള്ളത്തിനടിയിലായതോടെ പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
ആറ് ദിവസം മുമ്പായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. അണ്ടർപാസുകളോ, സർവീസ് റോഡുകളുടെ ടാറിംഗോ പൂർത്തിയാക്കുന്നതിനു മുൻപ് ഹൈവേയിൽ ടോൾ പിരിവ് തുടങ്ങിയതിനെതിരെ കർഷകരും പ്രദേശവാസികളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളും ഇവിടെ സ്വീകരിച്ചിട്ടില്ല. യാത്രക്കാരിൽ ഒരാളുടെ മാരുതി സ്വിഫ്റ്റ് കാർ വെള്ളക്കെട്ടുള്ള അടിപ്പാലത്തിൽ പാതി മുങ്ങി ഓഫ് ആയി പോയിട്ടുണ്ട്.