ബെവ്കോയുടെ വെബ്സൈറ്റിൽ ഗുരുതര പിഴവ്; ഓണ്‍ലൈൻ വഴി പണമടച്ചുള്ള മദ്യവില്‍പ്പന നിര്‍ത്തി വെച്ചു

  1. Home
  2. Trending

ബെവ്കോയുടെ വെബ്സൈറ്റിൽ ഗുരുതര പിഴവ്; ഓണ്‍ലൈൻ വഴി പണമടച്ചുള്ള മദ്യവില്‍പ്പന നിര്‍ത്തി വെച്ചു

bevco app


ബെവ്കോയുടെ വെബ്സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓണ്‍ലൈൻ വഴി മുൻകൂറായി പണമടച്ച് മദ്യം ബുക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് നിര്‍ത്തിവെച്ചു. കൂടിയ തുകയ്ക്കുള്ള മദ്യം വെബ്സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്സൈറ്റിലൂടെ മദ്യം പണമടച്ച് ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത്. ഇത്തരത്തിൽ പണമടച്ചതിനുശേഷം മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ മദ്യശാലയിലെത്തി മദ്യം വാങ്ങാൻ കഴിയുമായിരുന്നു.

ഈ സംവിധാനമാണിപ്പോള്‍ വെബ്സൈറ്റിൽ പിഴവ് കണ്ടെത്തിയതിനെ  തുടര്‍ന്ന് നിര്‍ത്തിവെച്ചത്. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ആളുകള്‍ക്ക് നേരിട്ടെത്തി വേഗത്തിൽ മദ്യം വാങ്ങി പോകുന്നതിനുമായാണ് ഇത്തരമൊരു സംവിധാനം നേരത്തെ ഒരുക്കിയത്. കോവിഡിനുപിന്നാലെ ഏര്‍പ്പെടുത്തിയ ഈ സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കിയിരുന്നു.

ഉപഭോക്താക്കള്‍ തന്നെയാണ് ഓണ്‍ലൈൻ സൈറ്റിലെ അപാകത ബെവ്കോയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നിലവിൽ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് ലിങ്ക് ലഭ്യമല്ല. ബെവ്കോയുടെ വെബ്സൈറ്റ് വഴിയായിരുന്ന ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നത്. പിഴവ് പരിഹരിച്ചശേഷമായിരിക്കും ഈ രീതിയിലുള്ള വില്‍പന പുനരാരംഭിക്കുക.

booking.ksbc.co.in എന്ന സൈറ്റ് വഴിയായിരുന്നു മദ്യം പണം അടച്ച് ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നത്. ഓണ്‍ലൈൻ ബുക്കിങിനുള്ള സൗകര്യം താൽകാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സൈറ്റ് നവീകരണത്തിനുശേഷം തിരിച്ചുവരുമെന്നുള്ള അറിയിപ്പാണ് ഇപ്പോള്‍ സൈറ്റിൽ നൽകിയിരിക്കുന്നത്. (The facility for online booking is temporarily stopped due to ongoing technical updation. We’ll be back soon!

SORRY FOR THE IN CONVENIENCE.)