ടിനി ടോമിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

നടൻ ടിനി ടോമിന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രേം നസീർ തന്റെ അവസാന കാലത്ത് അവസരങ്ങൾ കുറഞ്ഞതിന്റെ പേരിൽ വിഷമിച്ചാണ് മരിച്ചതെന്ന ടിനിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. പ്രേം നസീർ അഭിനയിച്ചിരുന്ന കാലത്ത് ടിനി സിനിമയിൽ ഉണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുതെന്നും ഭാഗ്യലക്ഷ്മി ടിനിയോടായി പറയുന്നു.
''ഞങ്ങൾ 85 വരെ മദ്രാസിലുണ്ടായിരുന്നവർ, ഒരുമിച്ച് പ്രവർത്തിച്ചവർ, അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവർക്ക് വിഷമമുണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് എനിക്ക്, എന്റെ പുസ്തകത്തിൽ ഞാനത് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഞാൻ കണ്ടിരുന്നു. മോനേയും കൊണ്ടാണ് കാണാൻ ചെന്നത്. അന്നും വളരെ സന്തുഷ്ടനായിരുന്നു. അപ്പൂപ്പ എന്ന് എന്റെ മോൻ വിളിച്ചപ്പോൾ വളരെ സന്തോഷത്തോടെ അവനെ എടുത്തത് ഓർക്കുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു'' എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ''കുടുംബമായിട്ട് ഏറ്റവും കൂടുതൽ സമയം ചെലവിടാൻ കിട്ടിയ സമയമാണ്. അതിനാൽ ഏറ്റവും സന്തുഷ്ടനായിരുന്നു. അദ്ദേഹം അവസാനകാലത്ത് അവസരങ്ങൾ കുറഞ്ഞതിനാൽ കരഞ്ഞുവെന്ന് പറയുന്നത്, ആരോ പറഞ്ഞതാകാം ടിനി ടോമിനോട്. പക്ഷെ അങ്ങനെ പറയാൻ പാടില്ല ടിനി. ചില ആളുകൾ ചിലരെക്കുറച്ച് യൂട്യൂബിലിരുന്ന് വളരെ ആധികാരികമായി പറയുന്നത് കേൾക്കാം. ആ വ്യക്തി ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ ബന്ധുക്കൾ ജീവിച്ചിരിപ്പുണ്ടാകും. അവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. അവരൊക്കെ പണത്തിന് വേണ്ടിയാണ് യൂട്യൂബ് ചാനൽ ഉണ്ടാക്കി അങ്ങനെ പറയുന്നത് എന്നു വെക്കാം''.
''പക്ഷെ ടിനി ടോം ഒരു അഭിമുഖത്തിൽ, നടനായി ഇരുന്നാണ് സംസാരിക്കുന്നത്. യാതൊരു ആധികാരികതയുമില്ലാതെയാണ് സംസാരിക്കുന്നത്. ഞാൻ കേട്ടിട്ടുണ്ട് എന്നാണ് പറയുന്നത്, കേട്ടതെല്ലാം പറയാൻ പാടില്ല. ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ സൂക്ഷിക്കണം. നസീർ സാർ അഭിനയിക്കുന്ന കാലത്ത് ടിനി സിനിമയിൽ പോലും വന്നിട്ടില്ല. അത് കേട്ടപ്പോൾ വിഷമം തോന്നി. ഞങ്ങൾ കുറേ അധികം പേർ ഇപ്പോഴുമുണ്ട്, നസീർ സാറിനൊപ്പം ജോലി ചെയ്യുകയും, ഒരുമിച്ച് ഭക്ഷണം കഴിക്കുകയും വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തവർ. ഇത് നെഗറ്റീവാണ്. അങ്ങനൊരാളല്ല നസീർ സാർ'' ഭാഗ്യലക്ഷ്മി പറയുന്നു.
സ്റ്റുഡിയോയുടെ പുറത്ത് ഇരുന്ന് സംസാരിക്കുമ്പോൾ ചിലർ കഥ പറയും. അപ്പോൾ ഇത് ഞാൻ ചെയ്താൽ ശരിയാകില്ല, മറ്റേ ആളെ വിളിക്കൂവെന്ന് നസീർ പറയുന്നത് കേട്ടിട്ടുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ''അങ്ങനെയുള്ള നസീർ സാർ അവസരങ്ങൾക്ക് വേണ്ടി എല്ലാവരുടേയും മുന്നിൽ ചെന്ന് സങ്കടം പറയുന്ന ആളല്ല. അദ്ദേഹത്തെക്കുറിച്ച് അങ്ങനെ പറയുന്നത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ടിനിയ്ക്ക് അറിയാൻ വേണ്ടി പറയുകയാണ്. കേരളത്തിൽ നിന്നും മദ്രാസിൽ ചെന്നിറങ്ങി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ഉണ്ടായിരുന്നത് പ്രേം നസീർ സാറിന്റെ വീടായിരുന്നു. ധൈര്യമായിട്ട് ആർക്കും അവിടെ പോകാം.'' എന്നാണ് താരം പറയുന്നത്. ''അദ്ദേഹത്തിന്റെ പേരക്കുട്ടികൾ ജീവിച്ചിരിപ്പുണ്ട്. അവരെന്ത് വിചാരിക്കും? ഞങ്ങളുടെ മുത്തച്ഛൻ അവസാന കാലത്ത് ഇങ്ങനെ വല്ലാതെ വേദനിച്ചാണോ മരണപ്പെട്ടത് എന്ന് വിചാരിക്കും. നസീർ സാർ അങ്ങനെ ഒരാളല്ല ടിനി. ദയവ് ചെയ്ത് അങ്ങനൊരു ധാരണയുണ്ടെങ്കിൽ അത് മാറ്റണം. നസീർ സാറിനൊപ്പം സഞ്ചരിച്ച ഞങ്ങളെല്ലാവർക്കും വളരെയധികം വേദനയുണ്ടാക്കിയ പ്രസ്താവനയാണത്.'' എന്നും ഭാഗ്യലക്ഷ്മി പറയുന്നു.