അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന് അനുകൂലമായി യുഎസ് സുപ്രിംകോടതിയുടെ ഉത്തരവ്

അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിന് അനുകൂലമായി യുഎസ് സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ലെന്നാണ് കോടതി ഉത്തരവിട്ടത്. ജൻമാവകാശ പൗരത്വം റദ്ദാക്കിയുള്ള ട്രംപിന്റെ ഉത്തരവ് ഫെഡറൽ കോടതി തടഞ്ഞിരുന്നു. അമേരിക്കയിൽ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകൾ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിൽ ഇടപെടാൻ ഫെഡറൽ കോടതികൾക്ക് അധികാരമില്ലെന്ന് യുഎസ് സുപ്രിംകോടതി പറഞ്ഞു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ തടയാൻ ജഡ്ജിമാർക്ക് അധികാരമില്ലെന്നും വിധിയിൽ പറഞ്ഞു. സുപ്രിംകോടതിയി ഒൻപത് ജഡ്ജിമാരിൽ ആറുപേരും വിധിയെ അനുകൂലിച്ചു
വിധി വലിയ വിജയമാണെന്നും വിധിയിൽ സന്തോഷമുണ്ടെന്നും ട്രംപ് പ്രതികരിച്ചു. പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകൾവെക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കിൽ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവർക്ക് യുഎസിൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ലെന്നാണ് ട്രംപ് ഉത്തരവിട്ടത്. ഈ ഉത്തരവ് യുഎസിൽ ജനിക്കുന്നവർക്ക് സ്വാഭാവിക പൗരത്വം നൽകുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയെ സമീപിച്ചു. മേരിലൻഡ്, മസാച്യുസെറ്റ്സ്, വാഷിങ്ടൺ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറൽ ജഡ്ജിമാർ ഇവർക്കനുകൂലമായി വിധിച്ചു. ഇതിനെതിരെയുള്ള ട്രംപ് സർക്കാരിന്റെ അപ്പീലിലാണ് സുപ്രിംകോടതിയുടെ വിധി.