സോണിയ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി ബി.ജെ.പി

  1. Home
  2. Trending

സോണിയ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി ബി.ജെ.പി

sonya rahul


കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി ബി.ജെ.പി. സോണിയ കഴിഞ്ഞദിവസം നടത്തിയ 'Soveregnty' പരാമര്‍ശം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ അട്ടിമറിക്കുന്നതാണെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. സോണിയയ്‌ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. പരാതിയില്‍ ആവശ്യപ്പെട്ടു.

കര്‍ണാടകത്തിന്റെ സല്‍പ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താന്‍ കോണ്‍ഗ്രസ് ആരേയും അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവന കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. കര്‍ണാടകത്തിലെ ആറരക്കോടി ജനങ്ങള്‍ക്കുള്ള സോണിയ ഗാന്ധിയുടെ സന്ദേശം എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരേയാണ് ബി.ജെ.പി. രംഗത്തെത്തിയത്.

സോണിയയുടെ പ്രസ്താവന അനുചിതവും ദൗര്‍ഭാഗ്യകരവുമാണെന്ന് ബി.ജെ.പി. പരാതിയില്‍ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെ ട്വീറ്റ് ദേശീയവാദികളെയും സമാധാനപ്രേമികളും പുരോഗമനവാദികളുമായ കര്‍ണാടകയിലെ ജനങ്ങളെ പ്രകോപിപ്പിക്കാനായി ഉണ്ടാക്കിയതാണ്. വോട്ടും ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയും നേടാനായി കര്‍ണാടകയിലെ ഐക്യത്തേയും സമാധാനാന്തരീക്ഷത്തേയും തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

കര്‍ണാടകത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള സോണിയ ഗാന്ധിയുടെ ആഹ്വാനം കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടരുന്ന വിവേചനപരവും വികൃതവുമായ രീതിയുടെ ഭാഗമാണ്. 'ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയുടെ വ്യക്തമായ ലംഘനമാണ് ഈ പാര്‍ട്ടി നടത്തുന്നത് എന്നും പരാതിയില്‍ ബി.ജെ.പി. ആരോപിച്ചു. കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അനുയോജ്യമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് സോണിയക്കെതിരേ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും സോണിയയ്ക്കെതിരെ പരോക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

"കര്‍ണാടകയുടെ പരമാധികാരം,അതിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയാമോ? ഒരു രാജ്യം സ്വതന്ത്രമാകുമ്പോൾ ആ രാജ്യത്തെ പരമാധികാരരാഷ്ട്രം എന്ന് വിളിക്കുന്നു. പരാമാധികാരമുള്ള കർണാടക എന്ന് പറയുമ്പോള്‍, കര്‍ണാടക ഇന്ത്യയിൽ നിന്ന് വേർപെട്ടതാണെന്ന് കോൺഗ്രസ് വിശ്വസിക്കുന്നുവെന്നാണ് കോൺഗ്രസ് പറയുന്നതിന്റെ അർത്ഥം'എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.