കടലാക്രമണം രൂക്ഷമായിരിക്കെ മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു, 5 പേരെ രക്ഷപ്പെടുത്തി

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ രണ്ടു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് ആദ്യത്തെ അപകടം. ഇതിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഇതിനുപിന്നാലെ മറ്റൊരു വള്ളം മറിഞ്ഞ് ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു. കടലാക്രമണം രൂക്ഷമായിരിക്കെ ഇന്നലെ വൈകിട്ടും മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞിരുന്നു.
മുന്നോട്ട് നീങ്ങിയ ബോട്ട് ടെട്രാപോഡില്‍ ഇടിച്ചതോടെയാണ് ബോട്ടിലുണ്ടായിരുന്ന ഒരാള്‍ വെള്ളത്തിലേക്ക് തെറിച്ചുവീണ് അപകടമുണ്ടായത്. തെറിച്ചുവീണ ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ വള്ളത്തില്‍ തന്നെ പിടിച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കരയ്ക്ക് കയറ്റി. അപകടത്തില്‍പെട്ട് മറിഞ്ഞ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല. അതേസമയം, അപകടത്തില്‍പെട്ട ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റല്‍ പൊലീസ് ബോട്ടിലെ ജീവനക്കാരനും പരിക്കേറ്റു. ബോട്ട് കമാന്‍ഡര്‍ പ്രദീപിനാണ് നിസാര പരിക്കേറ്റത്.