മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എൻഎസ്എസ് നേതൃത്വം സഞ്ചരിച്ചു; എൻഎസ്എസുമായി ആത്മബന്ധം, ആര് വിചാരിച്ചാലും ബന്ധം മുറിച്ചുമാറ്റാൻ കഴിയില്ല: രമേശ് ചെന്നിത്തല

  1. Home
  2. Trending

മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എൻഎസ്എസ് നേതൃത്വം സഞ്ചരിച്ചു; എൻഎസ്എസുമായി ആത്മബന്ധം, ആര് വിചാരിച്ചാലും ബന്ധം മുറിച്ചുമാറ്റാൻ കഴിയില്ല: രമേശ് ചെന്നിത്തല

ramesh chennithala


പെരുന്നയിലെ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് മുൻപ്രതിപക്ഷ നേതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഉ​ദ്ഘാടകനായി അവസരം നൽകിയതിന് എൻഎസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തിൽ അഭിമാനമായി കാണുന്ന മുഹൂർത്തമാണിതെന്നും വ്യക്തമാക്കി. തികഞ്ഞ അഭിമാന ബോധത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരൻ നായരെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭൻ. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എൻഎസ്എസ് ആണ്. പ്രീഡിഗ്രി അഡ്മിഷൻ മുതൽ തുടങ്ങിയതാണ് ഇത്. ആര് വിചാരിച്ചാലും മുറിച്ചുമാറ്റാൻ പറ്റാത്തതാണ് ആ ബന്ധം. കേരളീയ സമൂഹത്തെ പരിഷ്കരണത്തിന്റെ പാതയിലേക്ക് നയിച്ച മന്നത്ത് പത്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ്.

ഇന്നും ആവശ്യമായ ഘട്ടങ്ങൾ എല്ലാം സുകുമാരൻ നായരുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തുന്നു. ശബരിമല വിഷയം ഉണ്ടായപ്പോൾ മന്നം കാണിച്ചുകൊടുത്ത വഴിയിലൂടെ ഇന്നത്തെ എൻഎസ്എസ് നേതൃത്വം സഞ്ചരിച്ചു. നാമജപയാത്രയടക്കം നടത്തി വിശ്വാസികളുടെ അവകാശം നേടിയെടുക്കാൻ നടത്തിയ ശ്രമം എന്നും ജനങ്ങൾ ഓർക്കുന്നതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മതനിരപേക്ഷതയിൽ കുലീനവും ശ്രേഷ്ഠവുമായ ഒരു ബ്രാൻഡ് ആണ് എൻഎസ്എസ്. മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരൻ നായരുടെ കയ്യിലുണ്ട്. എൻഎസ്എസിനെതിരെ വരുന്ന ഓരോ അടിയും തടുക്കാനുള്ളതായിരുന്നു മന്നത്തിന്റെ കയ്യിലുണ്ടായിരുന്ന വടി. സമുദായങ്ങൾ തമ്മിൽ തല്ലണം എന്ന് ആഗ്രഹിക്കുന്നവർക്ക് എൻഎസ്എസിനോട് പിണക്കവും പരിഭവമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.