സംസ്ഥാന സർക്കാരിന് വിസിമാരെ നിയമിക്കാൻ അനുവാദമില്ല: കൽക്കട്ട ഹൈക്കോടതി

  1. Home
  2. Trending

സംസ്ഥാന സർക്കാരിന് വിസിമാരെ നിയമിക്കാൻ അനുവാദമില്ല: കൽക്കട്ട ഹൈക്കോടതി

Calcutta highcourt


സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കാനോ പുനർനിയമിക്കാനോ കാലാവധി നീട്ടിനൽകാനോ സംസ്ഥാന സർക്കാരിന് അനുവാദമില്ലെന്ന് കൽക്കട്ട ഹൈക്കോടതി. ഈ സാഹചര്യത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2012ലും 2014ലും നടപ്പിലാക്കിയ ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്തുകൊണ്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലെതാണ് സുപ്രധാന വിധി. 

‘സർവകലാശാലയിലെ വിസി തസ്തികയുടെ പ്രാധാന്യം കോടതിക്കറിയാം. അതുകൊണ്ട് ഈ തസ്തികയിലേക്കുള്ള നിയമനം നിർബന്ധമായും നിയമാനുസൃതമായിരിക്കണം. നടപടിക്രമങ്ങൾ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും നിയമനം നടത്തിയാൽ അവർ ആ പദവിയിൽ തുടരുന്നത് വിദ്യാർഥികൾക്കും സർവകലാശാലയ്ക്കും ഗുണകരമാവില്ല." എന്നായിരുന്നു കൽക്കട്ട ഹൈക്കോടതിയുടെ വിധി. 2018ലെ യുജിസി ചട്ടം അനുസരിച്ച് യുജിസിയുടെയും സംസ്ഥാന സർവകലാശാലയുടെയും ഗവർണർ നാമനിർദേശം ചെയ്ത പ്രതിനിധിയും അടങ്ങുന്ന ‘സെർച്ച് കമ്മിറ്റി’ ആണ് വിസിയെ നിയമിക്കേണ്ടത്. എന്നാൽ ബംഗാൾ സർക്കാർ സർവകലാശാല നിയമം ഭേദഗതി ചെയ്ത്  ഈ ചട്ടം ലംഘിച്ചുമെന്ന് കോടതി പറഞ്ഞു. 

സർവകലാശാലകളുടെ മുകളിൽ ചാൻസലറായ ഗവർണർക്കുള്ള അധികാരം സർക്കാരിന് എടുത്തുകളയാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി. സർവകലാശാലകളിൽ വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലും സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് കൽക്കട്ട ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.