ഇന്ത്യയിലെ ഒരു ഭാഗത്തെയും 'പാകിസ്താന്‍' എന്ന് മുദ്രകുത്താന്‍ ആകില്ല; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി

  1. Home
  2. Trending

ഇന്ത്യയിലെ ഒരു ഭാഗത്തെയും 'പാകിസ്താന്‍' എന്ന് മുദ്രകുത്താന്‍ ആകില്ല; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി

court


ബെംഗളൂരുവില്‍ മുസ്‌ലിം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോട് വിയോജിച്ച് സുപ്രീം കോടതി. ഇന്ത്യയിലെ ഒരു ഭാഗത്തെയും 'പാകിസ്താന്‍' എന്ന് മുദ്രകുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് വ്യക്തമാക്കി.

ജഡ്ജിമാര്‍ മുന്‍വിധിയോടെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. സ്ത്രീവിരുദ്ധവും ഏതെങ്കിലും വിഭാഗത്തിനെതിരായതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട്‌തേടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക ഹൈക്കോടതി റെജിസ്ട്രര്‍ ജനറല്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

വിവാദ പരാമര്‍ശം നടത്തിയ ജഡ്ജി തന്നെ അതിലുള്ള ഖേദം തുറന്ന കോടതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും അറ്റോര്‍ണി ജനറലും, സോളിസിറ്റര്‍ ജനറലും കോടതിയെ അറിയിച്ചു. ഈ നിലപാടും കൂടി കണക്കിലെടുത്താണ് തുടര്‍ നടപടികള്‍ വേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചത്.