സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാർ അപകടം; പൊലീസ് കേസെടുത്തു

  1. Home
  2. Trending

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാർ അപകടം; പൊലീസ് കേസെടുത്തു

CAR


സിനിമ ഷൂട്ടിനിടെ ഉണ്ടായ വാഹനാപകടത്തിൽ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗം, അലക്ഷ്യമായി വാഹനമോടിക്കൽ എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 'ബ്രൊമാൻസ്' എന്ന സിനിമയുടെ രംഗം ചിത്രീകരിക്കുന്നതിനിടെ കൊച്ചി എം ജി റോഡിൽ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കാറിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ്, സ്റ്റണ്ട് മാസ്റ്റർ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്.

സ്റ്റണ്ട് മാസ്റ്ററായിരുന്നു കാർ ഓടിച്ചത്. നടന്മാർക്ക് മൂവർക്കും സാരമല്ലാത്ത പരിക്കുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിനിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തു. തലകീഴായി മറിഞ്ഞ, ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.