മദ്യപിച്ച് അമിത വേഗതയിൽ കാറിടിച്ച് അപകടം; പാലക്കാട് 2 വയോധികർക്ക് ദാരുണാന്ത്യം
കൊടുവായൂരിൽ അമിത വേഗതിയിലെത്തിയ കാറിടിച്ച് രണ്ട് പേർ മരിച്ചു. 65 വയസുള്ള വയോധികനും 60 വയസുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്നു കാറാണ് വയോധികരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന.