കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്
ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ ഉത്തരവ്.
ഇലക്ടററൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് നിർമലയ്ക്കും മറ്റു അഞ്ചുപേർക്കും എതിരേ, ജനാധികാര സംഘർഷ് സംഘതനിലെ(ജെ.എസ്.പി) ആദർശ് അയ്യർ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കിമാറ്റി. നിർമലയും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി അനധികൃത ഫണ്ട് ശേഖരിക്കാൻ ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു.
കോടതി ഉത്തരവിനുപിന്നാലെ, നിർമല രാജിവെക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. നിർമലയുടെ രാജി ബിജെപി ആവശ്യപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മൈസൂരു നഗരവികസന അതോറിറ്റി (മുഡ-മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി) ഭൂമിയിടപാട് കേസിൽ ഹൈക്കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ സിദ്ധരാമയ്യയ്‌ക്കെതിരെ കഴിഞ്ഞദിവസം ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുഡ കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയെ വിചാരണ ചെയ്യാൻ ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോത് നേരത്തെ അനുമതി നൽകിയിരുന്നു.
തുടർന്ന് ഗവർണറുടെ ഈ നീക്കത്തെ ചോദ്യംചെയ്ത് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. പിന്നാലെ സിദ്ധരാമയ്യക്കെതിരെ കേസെടുക്കാൻ ലോകായുക്ത പോലീസിന് പ്രത്യേക കോടതി നിർദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ലോകായുക്ത എഫ്.ഐ.ആർ. രേഖപ്പെടുത്തിയത്.
ഇലക്ടറൽ ബോണ്ട്
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ 2018 ജനുവരി രണ്ടിനാണ് കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് ആവിഷ്‌കരിച്ചത്. എന്നാൽ 2024 ഫെബ്രുവരി 15-ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കുകയായിരുന്നു.