23 മൊബൈൽ ഫോണുകൾ കണ്ടെത്തി; പ്രതികളെ കൊച്ചിയിൽ എത്തിച്ചു, കൂടുതൽ പേർക്കായി അന്വേഷണം
അലൻ വാക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ഡൽഹി -മുബൈ സംഘത്തിലെ പ്രധാനികളായ അതിഖർ റഹ്‌മാൻ, വസിം റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. കൊച്ചി പൊലീസ് ഡൽഹിയിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 23 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇതിൽ 15ഉം ഐ ഫോണുകളാണ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
പതിനായിരത്തോളം പേർ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജിൽ അലൻ വാക്കർ സംഗീതത്തിൻറെ ലഹരി പടർത്തുമ്പോഴാണ് സംഗീതാസ്വാദകർക്കിടയിൽ സിനിമാ സ്‌റ്റൈലിലുള്ള വൻ കവർച്ച നടന്നത്. കാണികൾക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവർച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുൻനിരയിൽ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തിൽ നിന്നാണ് മൊബൈൽ ഫോണുകൾ എല്ലാം മോഷണം പോയത്.
അലൻ വാക്കറുടെ ബാംഗ്ലൂർ ഷോയ്ക്കിടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. മോഷണ സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.