ഖാർഗെക്കെതിരായ ജാതീയധിക്ഷേപം: കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധത്തിന് പിന്നാലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പ്രസംഗിച്ച വേദി 'ശുദ്ധീകരിച്ച' സംഭവത്തിൽ കോൺഗ്രസിലെ പട്ടികജാതി-പട്ടികവർഗ (SC/ST) വിഭാഗത്തിൽപ്പെട്ട എം.പിമാർ നടത്തിയ പ്രതിഷേധത്തിനൊടുവിൽ കേസെടുത്തു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ എം.പിമാർ നടത്തിയ മൂന്നര മണിക്കൂർ നീണ്ട സമരത്തെ തുടർന്ന് ഉത്തരാഖണ്ഡ് പോലീസ് നൈനിറ്റാൾ സ്റ്റേഷനിലും ഡൽഹിയിൽ സീറോ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു.
ഓഗസ്റ്റ് എട്ടിന് ഹൽദ്വാനി രാംലീല മൈതാനിയിൽ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിന് ശേഷം ശ്രീരാം സേനയുടെ നേതൃത്വത്തിൽ ഹവനവും 'ശുദ്ധീകരണ' ചടങ്ങുകളും നടത്തുകയായിരുന്നു. ദളിത് വിരുദ്ധവും ജാതീയവുമായ വിവേചനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സംഭവം പാർലമെന്റിൽ ഉന്നയിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വിഷയത്തിൽ ഉത്തരാഖണ്ഡ് പോലീസോ സർക്കാരോ കേസെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, മല്ലു രവി, കെ. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള എം.പിമാർ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മടിച്ചതോടെ എം.പിമാർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും വരെ പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.
