വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു; പരിശോധനയ്ക്കായി ക്യാമ്പ് ഓഫീസിലേക്ക് മാറ്റി
തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ പിടിച്ചെടുത്തു. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്തത്. കൂടുതൽ പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.
ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ കരൂർ ദുരന്തവുമായി ബന്ധപ്പെട്ടാണ് സിബിഐ നടപടി. റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് ജനുവരി 12-ന് നേരിട്ട് ഹാജരാകാൻ വിജയ്‌ക്ക് സിബിഐ നേരത്തെ സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനവും പിടിച്ചെടുത്തിരിക്കുന്നത്.
കരൂർ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നും വാഹനത്തിന്റെ വിന്യാസം അപകടത്തിന് കാരണമായോ എന്നും സിബിഐ പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
