ഗാസയിൽ ഒരാഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് ട്രംപ്

  1. Home
  2. Trending

ഗാസയിൽ ഒരാഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് ട്രംപ്

  trump


ഗാസയിൽ ഒരാഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇസ്രായേലും ഹമാസും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ചില ആളുകളുമായി താൻ സംസാരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആരോടാണ് എന്തൊക്കെയാണ് സംസാരം എന്നതിനെക്കുറിച്ചൊന്നും അദ്ദേഹം വ്യക്തമാക്കുന്നില്ല. എന്നാൽ ഇസ്രായേൽ-ഇറാൻ സംഘർഷകാലത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ദിവസേന ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും ഗസ്സയിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഹമാസിനെ നിരായുധീകരിച്ചാൽ മാത്രമേ തങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് ഇസ്രായേൽ നിലപാട്. ഈ നിലപാട് ഹമാസ് ഒട്ടും അംഗീകരിക്കാത്തതാണ്. ഇറാൻ- ഇസ്രായേൽ വെടിനിർത്തൽ സാധ്യമായ പശ്ചാതലത്തിൽ ഗസ്സയിലെ പ്രശ്നപരിഹാരത്തിനും സാധ്യതയേറുന്നുണ്ട്. 12 ദിവസത്തെ പോരിനൊടുവിലാണ് ഇറാൻ- ഇസ്രായേൽ സംഘർഷത്തിന് അറുതിയായത്.

അതേസമയം ട്രംപിന്റെ ഗസ്സ വിഷയത്തിലെ അഭിപ്രായങ്ങൾക്കപ്പുറം പങ്കിടാൻ തങ്ങളുടെ പക്കൽ ഒരു വിവരവുമില്ലെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ ഓഫീസിലെ വക്താവ് പറഞ്ഞു. ഇതിനിടയിലും ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 68ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ പത്തുപേർ, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗാസ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.