മടങ്ങിയെത്തി ആയിരങ്ങൾ; 60 ദിവസത്തെ ഇസ്രയേൽ - ഹിസ്ബുല്ല വെടിനിർത്തൽ കരാർ നിലവിൽ വന്നു
ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ഒരു വർഷത്തിലധികമായി തുടർന്നുവരികയും ചെയ്യുന്ന ഇസ്രയേൽ - ഹിസ്‍ബുല്ല യുദ്ധത്തിന് താത്കാലിക വിരാമമിട്ട് വെടിനിർത്തൽ നിലവിൽ വന്നു. പ്രാദേശിക സമയം രാവിലെ നാല് മണിക്കാണ് വെടിനിർത്തൽ ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇസ്രയേൽ സൈന്യം ദക്ഷിണ ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഹിസ്‍ബുല്ലയും ലെബനോനിൽ നിന്ന് ഇസ്രയേലിന് നേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടങ്ങിയത്. ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ-ബൈഡനാണ് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ഇസ്രയേലി മന്ത്രിമാർ വെടിനിർത്തൽ നിർദേശം അംഗീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിക്കുകയായിരുന്നു. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു.
ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന തെക്കൻ ലെബനോനിലെ മുപ്പതു കിലോമീറ്റർ മേഖലയിൽ നിന്ന് ഹിസ്ബുല്ലയും പിന്മാറും എന്നിവയാണ് കരാറിലെ മുഖ്യ നിബന്ധനകൾ. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കരാർ. അതേസമയം, കരാർ ഇരുപക്ഷവും പാലിക്കുന്നു എന്നുറപ്പാക്കാൻ അഞ്ചു രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങിയ നിരീക്ഷണ സമിതി ഉണ്ടാക്കും. കരാറിന് ഇന്ന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പ്രതിനിധി ലബനോനും ഇസ്രയേലും സന്ദർശിച്ചിരുന്നു. 60 ദിവസത്തേക്കാണ് വെടിനിർത്തൽ കരാർ.