കടമെടുപ്പ് പരിധിയിൽ കേരളവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; നിയമപോരാട്ടത്തിൽ കേരളത്തിന് നേട്ടമെന്ന് വിലയിരുത്തൽ
കടമെടുപ്പു പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിനെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി ഇക്കാര്യം അറിയിച്ചത്.
വിഷയത്തില്‍ കേരളസര്‍ക്കാരും കേന്ദ്രവും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീംകോടതി രാവിലെ ചോദിച്ചിരുന്നു. കോടതിയുടെ നിര്‍ദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തില്‍ കേരളവുമായി കേന്ദ്രസര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.നേരത്തെ സംസ്ഥാനത്തിന്റെ ധനകാര്യമാനേജ്മെന്റിനെ അടക്കം കുറ്റപ്പെടുത്തി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ കേന്ദ്രത്തിന്റെ നിലപാടിൽ അയവുവന്നു എന്ന സൂചനയാണ് ഇതെന്ന് നിരീക്ഷിക്കപ്പെടുന്നു.
സംസ്ഥാനത്തിന്റെ വായ്പയ്ക്ക് പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി, സംസ്ഥാനത്തിന്റെ 'സവിശേഷവും സ്വയംഭരണപരവുമായ അധികാരങ്ങള്‍' വിനിയോഗിക്കുന്നതിലുള്ള ഇടപെടലാണെന്ന് ആരോപിച്ചാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നിർദേശം യാതൊരു തടസവാദങ്ങളും ഉന്നയിക്കാതെ സ്വീകരിച്ച കേന്ദ്രനിലപാട് ഈ നിയമപോരാട്ടത്തിൽ കേരളത്തിന്റെ നേട്ടമായി നിയമവിദഗ്ധർ നിരീക്ഷിക്കുന്നു.
കേന്ദ്രവുമായുള്ള ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം.എബ്രഹാം എന്നിവർ പങ്കെടുക്കുമെന്നറിയുന്നു.
ആര്‍ട്ടിക്കിള്‍ 131 പ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍, വിവിധ അനുച്ഛേദങ്ങള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് അവരുടെ ധനകാര്യം നിയന്ത്രിക്കാന്‍ ഭരണഘടന സാമ്പത്തിക സ്വയംഭരണം നല്‍കുന്നുണ്ടെന്നും അത്തരം വായ്പകളുടെ പരിധി അല്ലെങ്കില്‍ വ്യാപ്തി നിയമനിര്‍മ്മാണത്തിലൂടെ നിയന്ത്രിക്കുന്നുവെന്നും കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.