ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനായി പുതിയ ഓർഡിനൻസുമായി കേന്ദ്രം; അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കമെന്ന് ആംആദ്മി

  1. Home
  2. Trending

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനായി പുതിയ ഓർഡിനൻസുമായി കേന്ദ്രം; അധികാരം വെട്ടിക്കുറയ്ക്കാനുള്ള നീക്കമെന്ന് ആംആദ്മി

aravind kejriwal


ഡൽഹി സർക്കാരിൽ നിക്ഷിപ്തമായ ഭരണാധികാരങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പുതിയ ഓർഡിനൻസ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്ക്കായി പുതിയ അതോറിറ്റിയെ നിയമിച്ചുകൊണ്ടുള്ളതാണ് ഓർഡിനൻസ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ അടക്കം നിയമനവും സ്ഥലം മാറ്റവും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും കീഴിലായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

പുതിയ അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന മുറയ്ക്ക് ലഫ്. ഗവർണർക്കായിരിക്കും അന്തിമ തീരുമാനമെടുക്കാനാവുക. സുപ്രീം കോടതി വിധിയിലൂടെ പൂർണാധികാരം മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത് മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടു വന്നതെന്നാണ് ആംആദ്മി വിഷയത്തിൽ പ്രതികരിച്ചത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും ആംആദ്മി കുറ്റപ്പെടുത്തി.

അതേസമയം ഡൽഹി സർക്കാരും, ലെഫ്റ്റനന്റ് ഗവർണറും തമ്മിലുളള തർക്കത്തിൽ ഡൽഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നായിരുന്നായിരിന്നു കോടതി വിധിച്ചത്. ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഹർജിയിൽ ലെഫ്റ്റനന്റ് ഗവർണർ സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിച്ച് മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.