കേരളത്തിന് പ്രളയ സഹായമായി 145.60 കോടി; മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രയ്ക്ക് 1032 കോടി; കേന്ദ്ര സഹായത്തിന്റെ കണക്ക്
പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചു. അസമിന് 716 കോടി, ബിഹാറിന് 655 കോടി എന്നിങ്ങനെയും പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത് 5858.60 കോടിയാണ്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.
കഴിഞ്ഞ ദിവസം 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുള്ള പട്ടികയിൽ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. ഗുജറാത്ത്, മണിപ്പുർ, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്കാണ് കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചത്. ഗുജറാത്തിന് 600 കോടി രൂപയും മണിപ്പുരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടിയുമാണ് പ്രഖ്യാപിച്ചത്.