ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിവാദം; മേല്‍നോട്ടസമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം

  1. Home
  2. Trending

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിവാദം; മേല്‍നോട്ടസമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം

wfi



ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ മേല്‍നോട്ട സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. ഒളിംപ്യനും ബോക്‌സിങ് താരവുമായ മേരി കോമിന്റെ നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പ്രസ്തുത സമിതി ഒരു മാസത്തിനകം വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കണം.

ആരോപണങ്ങള്‍ ആരോപിച്ച താരങ്ങളില്‍ നിന്ന് ഈ കമ്മിറ്റി വിശദമായി മൊഴിയെടുക്കും. ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളില്‍ നിന്ന് വിശദീകരണങ്ങള്‍ തേടി മൊഴികള്‍ തേടും. ഇവയെല്ലാം വിശകലനം ചെയ്ത ശേഷമായിരിക്കും റിപ്പോര്‍ട്ട് കായിക മന്ത്രാലയത്തിന് കൈമാറുക. കൂടാതെ, ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മേല്‍നോട്ടവും ഈ സമിതി ഏറ്റെടുക്കും.

ഇതിനിടയില്‍, തനിക്കെതിരായ പരാതികളില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബ്രിജി ഭൂഷണ്‍ ശരണ്‍ സിംഗ്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഈ ഒരു നീക്കത്തിന് പിന്നില്‍ നിയമവിരുദ്ധ നക്‌സലിസമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെസ്ലിങ് ഫെഡറേഷന്‍ ഭാരവാഹികളുമായി നടന്ന അനൗപചാരികമായ കൂടിയാലോചനക്ക് ശേഷമാണ് ഈ നീക്കത്തിന് അദ്ദേഹം വഴിതുറന്നത്. രാഷ്ത്രീ ഗൂഢാലോചനയാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് ബ്രിജി ഭൂഷന്റെ വാദം.