വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം; നിരക്ക് നിയന്ത്രണാധികാരം സർക്കാരില്ലെന്ന് കേന്ദ്രം
വിമാനക്കൂലി നിയന്ത്രണാധികാരം സർക്കാരില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയർ കോര്‍പ്പറേഷൻ നിയമം പിൻവലിച്ചതോടെ സർക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായി എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
സേവനങ്ങളുടെ സ്വഭാവവും പ്രവർത്തന ചെലവും കണക്കിലെടുത്താണ് താരിഫ് നിശ്ചയിക്കുന്നത്. ഓരോ എയർലൈൻ കമ്പനികൾക്കും അവരുടെ പ്രവർത്തന ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കാൻ അധികാരമുണ്ട്. അടിയന്തരഘട്ടങ്ങളിൽ സർക്കാർ കാഴ്ചക്കാരായി നിൽക്കാറില്ല.
പ്രകൃതിദുരന്തം അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയ ഘട്ടങ്ങളിൽ നിരക്കിൽ ഇടപെടാറുണ്ട്. എയർലൈനുകളുടെ നിയമവിരുദ്ധ നടപടികൾ കോര്‍പ്പറേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കൃത്യമായി പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു.
രാജ്യാന്തരതലത്തിൽ മാർക്കറ്റിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് വിമാനടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം മാർക്കറ്റ് വലിയ തിരിച്ചുവരവുകൾ നടത്തുകയാണ്. ഡോമസ്റ്റിക് എയർലൈനുകൾ വെബ്സൈറ്റിൽ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിക്കാറുണ്ട്.
മൂന്ന് മാസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും, അവസാന നിമിഷം ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴാണ് നിരക്ക് കൂടുന്നതെന്നും കേന്ദ്രം അറിയിച്ചു. നിരക്ക് വർദ്ധന ചോദ്യം ചെയ്ത് പ്രവാസി വ്യവസായി നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.