നിപ പ്രതിരോധ പ്രവർത്തനം; കേന്ദ്രസംഘം കോഴിക്കോട്ട്, 11 പേരുടെ പരിശോധന ഫലം ഇന്നറിയാം

  1. Home
  2. Trending

നിപ പ്രതിരോധ പ്രവർത്തനം; കേന്ദ്രസംഘം കോഴിക്കോട്ട്, 11 പേരുടെ പരിശോധന ഫലം ഇന്നറിയാം

nipah


നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘം കോഴിക്കോടെത്തി. ഡോ. ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇവർ കോഴിക്കോട് കളക്ടറേറ്റിലെത്തിയത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവർ കളക്ടറുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തി. നിലവിൽ സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികളിൽ കേന്ദ്ര സംഘം തൃപ്തരാണെന്നാണ് സൂചന. എന്നാൽ സംഘത്തിന്റെ തുടർനടപടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം, ജില്ലയിൽ ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അടുത്ത പത്ത് ദിവസത്തേക്ക് ആൾക്കൂട്ട പരിപാടികൾ നിർത്തിവെക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും കളക്ടർ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ നിപ സ്ഥിരീകരിച്ച് മൂന്ന് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 18 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 11 പേരുടെ ഫലം പുറത്ത് വരാനുണ്ട്. ഇത് ഇന്ന് ലഭിച്ചേക്കും.