കേന്ദ്രത്തിൻ്റെ അധികാര പരിധി വ്യക്തമായി അറിയാം, വാസുകിയുടെ നിയമനം പിൻവലിക്കാൻ പറഞ്ഞിട്ടില്ല: ചീഫ് സെക്രട്ടറി

  1. Home
  2. Trending

കേന്ദ്രത്തിൻ്റെ അധികാര പരിധി വ്യക്തമായി അറിയാം, വാസുകിയുടെ നിയമനം പിൻവലിക്കാൻ പറഞ്ഞിട്ടില്ല: ചീഫ് സെക്രട്ടറി

vasuki


 

കെ വാസുകിക്ക് വിദേശസഹകരണത്തിൻറെ ചുമതല നൽകിയതിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിൻവലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിൻ്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയിൽ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥർ. ഇക്കാര്യത്തിൽ കേരള സർക്കാരിന് ഔദ്യോഗികമായി കേന്ദ്രസർക്കാർ അറിയിപ്പ് വന്നാലേ  പ്രതികരിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

കെ വാസുകിക്ക് വിദേശസഹകരണത്തിൻറെ ചുമതല കൂടി കേരളം നൽകിയത് നേരത്തെ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കേരളം വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത്. എന്നാൽ വിദേശകാര്യ സെക്രട്ടറിയെന്നത് വ്യാജ വാർത്തയാണെന്നായിരുന്നു ചീഫ് സെക്രട്ടറി വി വേണു വിശദീകരിച്ചത്. വിദേശ ഏജൻസികളുമായി ഏകോപനത്തിന് ഇതാദ്യമായല്ല ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്തിയാണ് ഇതിനുള്ള മറുപടി തയ്യാറാക്കിയെത്തിയ വിദേശകാര്യ വക്താവ് അറിയിച്ചത്.