ചിന്നക്കനാലില്‍ പുലര്‍ച്ചെ വീടിന് നേരെ ചക്കക്കൊമ്പൻ്റെ ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  1. Home
  2. Trending

ചിന്നക്കനാലില്‍ പുലര്‍ച്ചെ വീടിന് നേരെ ചക്കക്കൊമ്പൻ്റെ ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ELEPHANT


ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. ആളപായമില്ല. 

പുലര്‍ച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിങും തകര്‍ന്നുവീണു. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പൻ സ്ഥലം വിട്ടിരുന്നു. ദിവസങ്ങളായി ഇതേ നിലയാണ് പ്രദേശത്ത് തുടരുന്നതെന്ന് മനോജ് പറഞ്ഞു. 

ചക്കക്കൊമ്പന്‍റെ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയാണ് ചക്കക്കൊമ്പൻ പുലര്‍ച്ചെ നടത്തിയ പരാക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

അതേസമയം ദേവികുളത്ത് പടയപ്പയെന്ന കാട്ടാനയും ജനവാസ മേഖലയില്‍ ഇറങ്ങി. ദേവികുളം ഫാക്ടറി മിഡില്‍ ഡിവിഷനില്‍ ഇറങ്ങിയ പടയപ്പയെ ആര്‍ആര്‍ടീം തുരത്തി കാട്ടിലേക്കയച്ചു.

ദേവികുളത്ത് രാത്രിയില്‍ ആറ് ആനകളുടെ കൂട്ടവും ഇറങ്ങിയിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപമാണ് ആനകൾ ഇറങ്ങിയത്. ഈ ആനകളെ  തുരത്തി കാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.