നിരക്ക് കൂട്ടി; യാത്രക്കാരെ കബളിപ്പിച്ച് കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ: പ്രതിഷേധവുമായി ജനങ്ങൾ

  1. Home
  2. Trending

നിരക്ക് കൂട്ടി; യാത്രക്കാരെ കബളിപ്പിച്ച് കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ: പ്രതിഷേധവുമായി ജനങ്ങൾ

city circular bus service


തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ സിറ്റി സർക്കുലർ ഇ-ബസുകളുടെ സർവീസുകൾ വെട്ടിക്കുറച്ചും പേരുമാറ്റി നിരക്ക് കുത്തനെ കൂട്ടിയും കെ.എസ്.ആർ.ടി.സി. ഇടറോഡുകളിൽനിന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്നും പ്രധാന ജങ്ഷനുകളിലേക്കെത്താൻ നഗരവാസികൾക്ക് ഏക ആശ്രയമായിരുന്ന ഈ സിറ്റി സർക്കുലർ ബസുകൾ.

സർവീസുകൾ താളംതെറ്റിയതോടെ പ്രതിഷേധവും ശക്തമായി. പഴയതുപോലെ സർക്കുലർ ബസുകൾ സർവീസ് തുടരണമെന്നും നിരക്കുകൂട്ടിയത് പിൻവലിക്കണമെന്നുമാണ് പ്രധാന ആവശ്യം.

അറുപതും എഴുപതും രൂപ കൊടുത്ത് ഓട്ടോ വിളിച്ചിരുന്ന ഇടങ്ങളിൽ 10 രൂപ കൊണ്ട് എത്താനാകും എന്ന ‘ഗാരന്റി’ സിറ്റി സർക്കുലർ ബസുകൾ നൽകിയിരുന്നു.

ഇലക്ട്രിക് ബസ് കാണുമ്പോൾ ഈ വിശ്വാസത്തിൽ ആളുകൾ കയറും. എന്നാൽ ചില ബസുകളിൽ കയറി പത്തുരൂപ നോട്ട് നീട്ടുമ്പോഴായായിരിക്കും സിറ്റി ഫാസ്റ്റാണെന്നും പോയിന്റ് ടു പോയിന്റ് സർവീസാണെന്നുമൊക്കെ അറിയുന്നത്. അതോടെ കൂടുതൽ തുക നൽകേണ്ടിവരും.

പ്രത്യേക നിർദേശമോ ഉത്തരവുകളോ ഇല്ലാതെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. 30 രൂപയ്ക്ക് ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാവുന്ന ടിക്കറ്റും നിർത്തലാക്കി.

ഇലക്ട്രിക് ബസുകൾക്കെതിരേ മന്ത്രി ഗണേഷ് കുമാർ ചുമതലയേറ്റയുടനെ രംഗത്തെത്തിയിരുന്നു. എന്നാൽ സി.പി.എം. ഇടപെട്ടതോടെയാണ്‌ സർക്കുലർ ബസുകൾക്കെതിരേയുള്ള നടപടികൾ നിർത്തിവെച്ചത്. എന്നാൽ പരോക്ഷമായി പേരുമാറ്റങ്ങളിലൂടെയും ഫാസ്റ്റാക്കിയും സർക്കുലർ സർവീസിനെ അട്ടിമറിക്കാനാണ് കെ.എസ്.ആർ.ടി.സി. ശ്രമിക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി.

ബസുകൾ സിറ്റി ഫാസ്റ്റാക്കാൻ വേണ്ടി എട്ട്‌ സർക്കിളുകളിൽനിന്നു ചില ബസുകൾ പിൻവലിച്ചതോടെ ബസുകൾ തമ്മിലുള്ള ഇടവേള കൂടി.

മറ്റ്‌ ബസ് സർവീസുകളില്ലാത്ത ഇടങ്ങളിലെ സ്ഥിരം യാത്രക്കാർ സിറ്റി സർക്കുലർ ബസുകളെ ആശ്രയിക്കാനാവാത്ത സ്ഥിതിയായി. ബസുകൾ കൃത്യമായി വരാത്തതും ട്രിപ്പുകൾ മുടക്കുന്നതും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

വേളിയിൽനിന്ന് അതിരാവിലെ കിഴക്കേക്കോട്ടയിലേക്കു പോകുന്ന ബസ് രണ്ടാഴ്ചയോളം സർവീസ് മുടങ്ങിയത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്.

ബസുകളുടെ സമയക്രമവും തത്സമയ വിവരവും അറിയാൻ ചലോ ആപ്പിൽ സൗകര്യമുണ്ടെങ്കിലും കാര്യക്ഷമമല്ല. ഭക്ഷണമടക്കം എല്ലാം സ്മാർട്ട് ഫോണിലൂടെ മുമ്പിലെത്തുന്ന കാലത്ത് ഫോണിൽ നോക്കി ബസിൽ കയറാമെന്നു വിചാരിച്ചാൽ എല്ലാ ബസുകളും ആപ്പിൽ ഉൾപ്പെടുത്താത്തതിനാൽ അതും പാടുള്ള കാര്യമാണ്.

2023 ഏപ്രിലിൽ തുടങ്ങിയ സിറ്റി സർക്കുലർ സർവീസിൽ 110 ബസുകളും പ്രതിദിനം 80,000 യാത്രക്കാരുമുണ്ട്. ഇതിൽ 60 ബസുകൾ സ്മാർട്ട് സിറ്റി പദ്ധതിയിൽ കോർപ്പറേഷൻ നൽകിയതാണ്.

20 ബസുകളും രണ്ട് ഡബിൾഡക്കർ ബസുകളും പുതിയതായി ലഭിക്കുകയും ചെയ്തു. ഇനി 53 ബസുകൾ വരാനുമുണ്ട്.

പുതുതായി ലഭിച്ച ബസുകൾ നിരക്കുമാറ്റി പോയിന്റ് ടു പോയിന്റ് സർവീസായി ഓടിച്ചുകൊണ്ടിരിക്കുകയാണ്.

കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ജനകീയ പദ്ധതിയെ പരിഷ്കാരങ്ങളുടെ പേരിൽ അട്ടിമറിക്കുന്നതിനെ തടയാനുള്ള നടപടി കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തുനിന്നുകൂടി ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

അനുദിനം നിരത്തുകളിൽ വാഹനങ്ങൾ കൂടിവരുകയാണ്. നിരക്കു കുറഞ്ഞ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് ബൈക്ക് ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടതെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.