'മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസ്; ഇതെന്ത് രീതി'; ചോദ്യവുമായി ചെന്നിത്തല
പി. വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസ് എടുക്കുന്നു, ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു.
മുഖ്യമന്തിക്ക് എതിരെ സംസാരിച്ചാൽ എങ്ങനെ ഭരണകൂടം പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കേസും നടപടികളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.വി അൻവർ എന്ന വ്യക്തിയല്ല ഉയർത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുന്ന പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക.
എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്. ഫോൺ ചോര്‍ത്തൽ കേസിൽ പി.വി. അൻവറിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.