ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതിയില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതിയില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. നിയമസഭ പാസാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ അനുവദിച്ചില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് നല്‍കിയ അനുമതി ഗവര്‍ണര്‍ പിന്നീട് പിന്‍വലിച്ചു. ഗവര്‍ണറോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ബില്ലുകള്‍ പരിഗണിച്ചില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ വിലക്കി എന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെ രണ്ട് ബില്ലുകളില്‍ ബുധനാഴ്ച ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നു. ലൈവ് സ്റ്റോക്ക് നിയമഭേദഗതി ബില്ലിനും പി എസ് സി അംഗങ്ങളുടെ നിയമന ശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനുമാണ് അംഗീകാരം നല്‍കിയത്. മറ്റു വഴികള്‍ ഇല്ലാതെയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ തയാറായതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. അതേസമയം, വിവാദ ബില്ലുകളില്‍ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല.