അപൂർവമായ കൊതുകുജന്യ രോ​ഗം; ഓസ്ട്രേലിയയിൽ കുഞ്ഞ് മരിച്ചു

  1. Home
  2. Trending

അപൂർവമായ കൊതുകുജന്യ രോ​ഗം; ഓസ്ട്രേലിയയിൽ കുഞ്ഞ് മരിച്ചു

mosquitoes


അപൂർവമായ കൊതുകുജന്യരോ​ഗം ബാധിച്ച് ഓസ്ട്രേലിയയിലെ ഡാർവിനിൽ പിഞ്ചുകുഞ്ഞ് മരിച്ചു. ബി​ഗ് റിവേഴ്സ് റീജ്യനിലെ ആശുപത്രിയിൽ വച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. കൊതുകു കടിച്ചതുമൂലം മുറേ വാലി എൻസഫലൈറ്റിസ് (Murray Valley encephalitis) ബാധിച്ചാണ് കുഞ്ഞ് മരണപ്പെട്ടത്.

അപൂർവമായി ബാധിക്കുന്ന വൈറസ് മൂലം ​ഈ വർഷം മറ്റ് രണ്ടു മരണങ്ങളും ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് ബാധിക്കുന്നതുവഴി ​മസ്തിഷ്കത്തിൽ ​ഉണ്ടാകുന്ന ​ഗുരുതരമായ അണുബാധയാണ് മരണകാരണമാകുന്നത്.

അസാധാരണവും മരണകാരണമായേക്കാവുന്നതുമായ വൈറസ് ബാധയാണ് മുറേ വാലി എൻസഫലൈറ്റിസ്. എം.വി.ഇ. വൈറസ് വഹിക്കുന്ന കൊതുക് കടിക്കുന്നതു വഴിയാണ് രോ​ഗം ശരീരത്തിലെത്തുന്നത്. നോർ‌തേൺ ടെറിട്ടറിയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ​ഗുരുതരമായ കൊതുകുജന്യ രോ​ഗമാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.

തലവേദന, പനി, മനംപുരട്ടൽ, ഛർദി, സന്ധിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ ആദ്യലക്ഷണങ്ങൾ. തുടർന്ന് ഉറക്കച്ചടവ്, മനോവിഭ്രമം, ജ്വരസന്നി തുടങ്ങിയവ സംഭവിക്കുകയും അപൂർവം കേസുകളിൽ കോമയിലേക്ക് നയിക്കുകയും ചെയ്യാം.

അതിരാവിലെകളിലും വൈകുന്നേരങ്ങളിലും നീളൻ വസ്ത്രങ്ങൾ ധരിച്ച് കൊതുകുകടി പ്രതിരോധിക്കുക എന്നതാണ് വൈറസ് തടയാനുള്ള പ്രധാന മാർ​ഗമെന്ന് അധികൃതർ വ്യക്തമാക്കി. കൊതുകുനശീകരണ മാർ​ഗങ്ങളും സജീവമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

എന്താണ് മുറേ വാലി എൻസഫലൈറ്റിസ്?

മുറേ വാലി എൻസഫലൈറ്റിസ് വൈറസ് ബാധിക്കുന്നതു മൂലമുണ്ടാകുന്ന ​ഗൗരവമാർ‌ന്നതും അപൂർവവുമായ രോ​ഗാവസ്ഥയാണ് മുറേ വാലി എൻസഫലൈറ്റിസ്. വൈറസ് ബാധയുള്ള കൊതുകുകളിൽ നിന്നാണ് രോ​ഗം പരക്കുന്നത്. ചിലരിൽ ലക്ഷണം പ്രകടമാകണമെന്നില്ല, മറ്റു ചിലരിൽ ചെറിയ ബുദ്ധിമുട്ടുകൾക്ക് ശേഷം രോ​ഗമുക്തി ഉണ്ടാകാം. എന്നാൽ ചിലരിൽ എൻസഫലൈറ്റിസ് ഉണ്ടാവുകയും മസ്തിഷ്കത്തിന് തകരാറോ മരണമോ സംഭവിക്കുകയോ ചെയ്യും. എം.വി.ഇ.ക്ക് ഫലപ്രദമായ ചികിത്സയോ വാക്സിനോ നിലവിൽ ലഭ്യമല്ല. വൈറസ് ബാധയേറ്റ കൊതുക് കടിച്ച് ഏഴുമുതൽ 12 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പ്രായമായവരിലും കുട്ടികളിലുമാണ് വൈറസ് കൂടുതൽ ​ഗുരുതരമാകുന്നത്.