സോക്കർ ലീഗിൽ പൊരുതി എ.ഐ റോബോട്ടുകൾ

റോബോട്ടുകൾ മാറ്റുരച്ച സോക്കർ ലീഗുമായി ചൈന. ജൂൺ 28ന് ഹ്യൂമനോയിഡ് റോബോട്ടുകളുടെ നാല് യൂനിവേഴ്‌സിറ്റി ടീമുകൾ സോക്കർ മത്സരങ്ങളിൽ ഏറ്റുമുട്ടി. ചൈനയിൽ ആദ്യത്തേതാണിത്. ബെയ്ജിങ് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ‘വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസി’ന്റെ ഒരു പ്രിവ്യൂ ആയും ഈ ടൂർണമെന്റ് വിശേഷിപ്പിക്കപ്പെടുന്നു.
പങ്കെടുത്ത എല്ലാ റോബോട്ടുകളും മനുഷ്യ ഇടപെടലോ മേൽനോട്ടമോ ഇല്ലാതെ എ.ഐയിൽ അധിഷ്ഠിതമായ തന്ത്രങ്ങൾ ഉപയോഗിച്ച് പൂർണമായും സ്വയം നിയന്ത്രിതമായി പ്രവർത്തിച്ചുവെന്ന് സംഘാടകരായ ബൂസ്റ്റർ റോബോട്ടിക്‌സ് അഭിപ്രായപ്പെട്ടു. അവസാന മത്സരത്തിൽ സിങ്‌ഹുവ സർവകലാശാലയുടെ ടി.എച്ച്യു റോബോട്ടിക്സ് ചൈനീസ് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയുടെ മൗണ്ടൻ സീ ടീമിനെ 5–3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ചാമ്പ്യൻപട്ടം നേടി. ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യ എതിരാളികളേക്കാൾ കൂടുതൽ ആവേശം സൃഷ്ടിക്കുന്നുവെന്നാണ് പൊതുവിലുള്ള റിപ്പോർട്ട്.
എ.ഐ നിയന്ത്രിത റോബോട്ടുകൾക്ക് 5 മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ കഴിവുകൾ ഉണ്ടെന്ന് ഒരു എയ്‌റോസ്‌പേസ് വിദഗ്ദ്ധനും ടെക്കിയുമായ അയാസ് അസീസ് പറയുന്നു. ഒരു ‘എക്സ്’ ഉപയോക്താവ് ഇതിനെ മറ്റൊരു രൂപത്തിൽ രേഖപ്പെടുത്തി. ‘ഇന്ത്യയിൽ നമ്മൾ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടുന്നത് തടയുകയും പൗരന്മാരുടെ ജീവിതം ദുഷ്കരമാക്കുകയും ചെയ്യുന്ന തിരക്കിലായിരിക്കുമ്പോൾ ചൈന ബീജിങിൽ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സോക്കർ ലീഗ് ആരംഭിച്ചു’ എന്നായിരുന്നു അത്.
നൂതന വിഷ്വൽ സെൻസറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന റോബോട്ടുകൾക്ക് പന്ത് തിരിച്ചറിയാനും ചടുലതയോടെ മൈതാനത്ത് സഞ്ചരിക്കാനും കഴിഞ്ഞു. വീണതിനുശേഷം സ്വന്തമായി എഴുന്നേൽക്കാൻ കഴിയുന്ന തരത്തിൽ അവയെ രൂപകൽപന ചെയ്‌തിരുന്നു. എങ്കിലും മത്സരത്തിനിടെ അവയിൽ പലതിനെയും ജീവനക്കാർക്ക് സ്ട്രെച്ചറുകളിൽ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകേണ്ടിവന്നു.
ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് അനുയോജ്യമായ വേദിയെന്ന നിലയിൽ ആണ് സ്‌പോർട്‌സ് മത്സരങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും ഇത് അൽഗോരിതങ്ങളുടെയും സംയോജിത ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളുടെയും വികസനം ത്വരിതപ്പെടുത്താൻ സഹായിക്കുമെന്നും റോബോട്ട് പ്ലെയറുകൾ വിതരണം ചെയ്ത കമ്പനിയായ ബൂസ്റ്റർ റോബോട്ടിക്‌സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ചെങ് ഹാവോ പറഞ്ഞു. എന്നാൽ, ഹ്യൂമനോയിഡ് റോബോട്ടുകളുടെ പ്രയോഗത്തിൽ സുരക്ഷ ഒരു പ്രധാന ആശങ്കയായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭാവിയിൽ, മനുഷ്യരുമായി ഫുട്ബോൾ കളിക്കാൻ റോബോട്ടുകളെ ക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഫുട്ബോളിൽ മാത്രമല്ല. മറ്റ് വിഷയങ്ങളിലും എ.ഐയും സ്‌പോർട്‌സും സംയോജിപ്പിക്കുന്നതിൽ ചൈന ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. മാരത്തോണുകൾ, ബോക്‌സിങ് തുടങ്ങിയ സ്‌പോർട്‌സ് മത്സരങ്ങളിൽ എ.ഐയിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കുകയാണ്.