ജോജുവിന് പ്രതിഫലം നൽകിയെന്നുള്ള ലിജോയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പിൻവലിച്ചു

ചുരുളി സിനിമാ വിവാദത്തിൽ ജോജുവിന് പ്രതിഫലം നൽകിയെന്ന് അറിയിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് സംവിധായകൻ ലിജോ ജോസ് പല്ലിശേരി പിൻവലിച്ചു. നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയിൽ തങ്ങളാരും ജോജു ജോർജിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ലെന്നും ലിജോ ജോസ് പിൻവലിച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ഒരവസരം ലഭിക്കുകയാണെങ്കിൽ ചുരുളി തിയറ്ററിൽ റിലീസ് ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തിലധികം രൂപ ജോജുവിന് നൽകിയതിൻറെ തെളിവും അദ്ദേഹം പുറത്തുവിട്ടിരുന്നു ഈ പോസ്റ്റിൽ.
ഇതിന് പിന്നാലെ ഇതിനോട് കൊച്ചിയിൽ വാർത്ത സമ്മേളനം വിളിച്ച നടൻ ജോജു ജോർജ് പ്രതികരിച്ചിരുന്നു. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല താനെന്നും ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും തെറിയല്ലാത്ത ഭാഗം ഡബ്ബ് ചെയ്തുവെന്നും ജോജു പറഞ്ഞു. ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. പ്രതിഫലം അല്ല വിഷയം. ചുരുളി തൻറെ ജീവിതത്തിൽ ഏൽപ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കൾ സ്കൂളിൽ പോകുമ്പോൾ പോലും ചുരുളിയിലെ ട്രോളുകൾ പറഞ്ഞ് കളിയാക്കുന്നുവെന്നും നടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് രാവിലെ ലിജോ പോസ്റ്റിട്ടു. അതിന് തൊട്ടു മുൻപ് വരെ ഒരാളും എന്നെ വിളിച്ചിട്ടില്ല. എനിക്കുണ്ടായ പ്രശ്നമെന്താണെന്ന് ചോദിച്ചിട്ടില്ല. ഫാമിലിയെ ബാധിച്ചത് കൊണ്ടാണ് ഇന്റർവ്യൂവിൽ ഇക്കാര്യം പരാമർശിച്ചതെന്നും ജോജു പറഞ്ഞു. "മക്കളോട് പുതിയ സ്കൂളിൽ പോയപ്പോൾ ആദ്യം ചോദിച്ചത് ചുരുളിയെ കുറിച്ചാണ്. അന്ന് മോൾ എന്നോട് പറഞ്ഞു. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നുവെന്ന്. ഫെസ്റ്റിവൽ സിനിമ എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ചുരുളിയിൽ അഭിനയിച്ചത്.
ഞാൻ അഞ്ച് ലക്ഷം രൂപയ്ക്ക് അഭിനയിക്കാം എന്ന് പറഞ്ഞു കൊണ്ടുള്ളൊരു എഗ്രിമെൻറ് ഉണ്ടാകുമല്ലോ. ഈ തുണ്ട് കടലാസിനൊപ്പം ആ കരാർ കൂടി പുറത്തുവിടണം. ചുരുളിയിലെ പോലത്തെ കഥാപാത്രം ഇനി ഞാൻ ചെയ്യില്ല. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് പൈസ കിട്ടാത്തത് കൊണ്ടാണ്. ലിജോ എന്ന സംവിധായകൻറെ ആരാധകനാണ് ഞാൻ. ആ ബഹുമാനവും കൊടുക്കുന്നുണ്ട്", എന്നും ജോജു ജോർജ് പറഞ്ഞു.