ഐഫോൺ വാങ്ങണം; പണത്തിനായി തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച് ഒൻപതാം ക്ലാസുകാരൻ

  1. Home
  2. Trending

ഐഫോൺ വാങ്ങണം; പണത്തിനായി തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച് ഒൻപതാം ക്ലാസുകാരൻ

PHONE


ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി ഒൻപതാം ക്ലാസുകാരൻ. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് തട്ടികൊണ്ട് പോകൽ നാടകം നടത്തി അച്ഛനിൽ നിന്ന് മോചനദ്രവ്യമായി മകൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടത്. വിവരം  പോലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തറിഞ്ഞത്. 

സ്‌കൂൾ വിട്ടശേഷം കുട്ടി വീട്ടിൽ എത്താതായതോടെ പരിഭ്രാന്തരായ പിതാവും ബന്ധുക്കളും അന്വേഷിക്കാൻ തുടങ്ങിരുന്നു. ഇതിനിടെയാണ് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന്റെ വാട്സാപ്പിലെക്ക് ഫോൺ വരുന്നത്. ഖൈരാബാദിലെ പള്ളിക്കടുത്തേക്ക് പണം എത്തിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതോടെ മകനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് സീതാപൂർ കോട്വാലി പോലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകി. 

തുടർന്ന് കോൾ വന്ന ഫോണിന്റെ ലൊക്കേഷൻ അന്വേഷിച്ചപ്പോൾ അത് ഒരു ചെരുപ്പ് കടയുടമയുടെ പേരിലാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഫോൺ അയാളുടെ മകനാണ് ഉപയോഗിക്കുന്നത് എന്ന് മനസിലായി. കാണാതായ കുട്ടിയുടെ സുഹൃത്തായിരുന്നു ഇയാളുടെ മകൻ. ഇതോടെ കാണാതായ കുട്ടി തന്നെയാണ് പിതാവിനെ വിളിച്ചത് എന്ന് പൊലീസിന് വ്യക്തമായി. ജില്ലയിലെ പോലീസ്, സൈബർ, എസ്ഒജി ടീമുകൾ സംയുക്തമായാണ് കേസ് അന്വേഷിച്ചത്. 

സർക്കാർ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നതെന്നും, അമ്മ മരിച്ചു പോയതിനാൽ പിതാവിനൊപ്പമാണ് താമസമെന്നും സീതാപൂർ കോട്വാലി എസ്എച്ച്ഒ ടി.പി. സിംഗ് പറഞ്ഞു. ഐഫോൺ വാങ്ങിത്തരാൻ അച്ഛൻ വിസമിച്ചതോടെയാണ് കുട്ടി നാടകം കളിക്കാൻ തീരുമാനിച്ചത്. ഇനി ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന കർശന താക്കീതും കൗൺസിലിങ്ങിനും ശേഷം കുട്ടിയെ അച്ഛനും ബന്ധുക്കൾക്കും ഒപ്പം പോകാൻ അനുവദിച്ചു. ഒരു സാധാരണ തുണിക്കച്ചവടക്കാരനാണ് കുട്ടിയുടെ പിതാവ്.