കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് എംപിമാർ തയാറായില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

  1. Home
  2. Trending

കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് എംപിമാർ തയാറായില്ലെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

pinarayi


സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തയാറായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. അതേസമയം സർക്കാരിന്റെ മറുപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
"കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ സംയുക്തമായി നിവേദനം കൊടുക്കാൻ തീരുമാനിച്ചിരുന്നു. എംപിമാരുടെ യോഗത്തിൽ എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, നിവേദനത്തിൽ ഒപ്പുവയ്ക്കാനോ, ഒരുമിച്ചു നിൽക്കാനോ യുഡിഎഫ് എംപിമാർ തയാറായില്ല. നിവേദനം തയാറാക്കിയതില്‍ അപാകതയുണ്ടെങ്കിൽ യുഡിഎഫിന് അത് ചൂണ്ടിക്കാണിക്കാമായിരുന്നു. എന്നാൽ ഒപ്പിടാൻ സന്നദ്ധമല്ല എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്"- മുഖ്യമന്ത്രി ആരോപിച്ചു.
18 യുഡിഎഫ് എംപിമാർ ഉണ്ടായിട്ടും കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും ആരോപിച്ചു. "കേന്ദ്രനയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം. ഇതിനെതിരെ ഒന്നിച്ചു പോരാടാമെന്നാണ് എംപിമാരുടെ യോഗത്തിൽ ധാരണയായത്. യോഗത്തിന്റെ മിനുട്സിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ പൊതുവായ പ്രശ്നങ്ങളിൽ മുൻപും ഒന്നിച്ചു കേന്ദ്രമന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിനു തേനും പാലും ഒഴുക്കാൻ യുഡിഎഫ് നിന്നാൽ ജനം തിരിച്ചറിയും"- അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര നയത്തിനെതിരെ സംയുക്തമായി ധർണ നടത്താൻ തയ്യാറാണോയെന്നും ധനമന്ത്രി ചോദിച്ചു.
ധനമന്ത്രി തുടർച്ചയായി യുഡിഎഫ് എംപിമാരെ അവഹേളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശിച്ചു. ‘‘എംപിമാർ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളെ ആക്ഷേപിക്കുന്നതു ശരിയല്ല. കേന്ദ്ര നയത്തിനെതിരെ പ്രസംഗിച്ചതിനു സംസ്ഥാനത്തെ പാർലമെന്റ് അംഗങ്ങളെ തുടർച്ചയായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സർക്കാർ എംപിമാരുടെ യോഗം വിളിച്ചു കേന്ദ്രത്തിനു നിവേദനം കൊടുക്കാമെന്നു പറഞ്ഞിട്ടില്ല. ഇളമരം കരീം എംപി ഒരു പേപ്പറിൽ ഒപ്പിട്ട് നൽകാൻ യുഡിഎഫ് എംപിമാരോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യപ്പെട്ടാല്‍ ഒപ്പിടാമെന്നു യുഡിഎഫ് എംപിമാർ പറഞ്ഞു’’– സതീശൻ വ്യക്തമാക്കി.
‘‘എന്തൊക്കെ പറഞ്ഞാലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷത്തിൽ യുഡിഎഫ് എംപിമാർ വിജയിക്കും. ആദ്യമായാണ് എംപിമാരെ സഭയിൽ അധിക്ഷേപിക്കുന്നത്. എംപിമാർ സംസ്ഥാനത്തിനായി ലോക്സഭയിൽ ഉന്നയിച്ച കാര്യങ്ങൾ യുഡിഎഫ് പ്രസിദ്ധീകരിക്കും. പ്രതിപക്ഷം ഉന്നയിച്ച നികുതി വരുമാനവുമായി ബന്ധപ്പെട്ട് ധനമന്ത്രി ഒന്നും പറഞ്ഞില്ല. നികുതിഭരണ വകുപ്പു പരാജയമാണ്"– പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.