വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിക്കണം; മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ്

  1. Home
  2. Trending

വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിക്കണം; മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ്

v d satheesan


കേരളത്തിൽ വന്യജീവി ആക്രമണങ്ങളെ തുടർന്ന് നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോട്ടയത്തും കൊല്ലത്തുമായി ഇന്ന് 3 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിഡി സതീശന്റെ ഇടപെടൽ.

വന്യജീവി ആക്രമണത്തെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിയും സമ്പത്തും നഷ്ടപെട്ടവര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കത്തിന്റെ പൂർണരൂപം

എരുമേലിയിലും കൊല്ലം അഞ്ചലിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍  മൂന്നുപേര്‍ മരിച്ച അതിദാരുണമായ സംഭവങ്ങള്‍ അങ്ങയുടെ ശ്രദ്ധയിപ്പെട്ടു കാണുമല്ലോ. പ്രതിപക്ഷം നിരന്തരമായി ശ്രദ്ധയില്‍പ്പെടുത്തികൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമായി ഇടപെടല്‍ നടത്തുന്നില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നുണ്ടായ മൂന്ന് സംഭവങ്ങള്‍. ഇതിനിടെ മലപ്പുറം നിലമ്പൂരില്‍ കാട്ടില്‍ തേനെടുക്കാന്‍ പോയ യുവാവിനെ കരടി ആക്രമിച്ച സംഭവവുമുണ്ടായി. 

കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനം വനമായതിനാല്‍ മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും വന്യജീവി ആക്രമണങ്ങളുടെ തോത് കേരളത്തില്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വനാതിര്‍ത്തിയിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും കൃഷിയും സമ്പത്തും നശിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം വന്യജീവി ആക്രമണം മൂലം 187 പേര്‍ക്ക് ജീവഹാനി ഉണ്ടാകുകയും 10091 പേര്‍ക്ക് കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരാള്‍ വീതം വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ദിവസേന രണ്ട് പേര്‍ക്ക് വീതം ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നുമുണ്ട്. 34875 വന്യജീവി ആക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതായത്, പ്രതിദിനം ശരാശരി പത്തോളം വന്യജീവി ആക്രമണങ്ങള്‍ കേരളത്തിന്റെ പലയിടങ്ങളിലായി സംഭവിക്കുന്നുണ്ടന്നര്‍ത്ഥം.

അതോടൊപ്പം വന്യ ജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിയും സമ്പത്തും നഷ്ടപെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നത്. നഷ്ടപരിഹാര തുക ഉയര്‍ത്തുന്നതിലും അത് സമയബന്ധിതമായി വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.    

വന്യജീവി ആക്രമണം അതിരൂക്ഷമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായെന്നതാണ് വസ്തുത. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്താനും തുക സമയബന്ധിതമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.