അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറി റോഡ് നിർമ്മിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി

  1. Home
  2. Trending

അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറി റോഡ് നിർമ്മിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി

complaint about encroachment of tribal land in attapadi


അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറി റോഡ് നിർമ്മിച്ചതായി പരാതി. രംഗൻ എന്ന വ്യക്തിയുടെ പേരിലുള്ള കോട്ടത്തറ വില്ലേജിൽ 331/ 1ൽ ഉൾപ്പെട്ട ഭൂമിയിലാണ് കൈയേറ്റം നടന്നതായി പറയുന്നത്. ഇയാളുടെ മക്കളായ വട്ടലക്കി ലക്ഷംവീട് കോളനിയിലെ പൊന്നി, വെള്ളിങ്കിരി എന്നിവർ ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് നൽകി. 

അഗളി ഗ്രാമപഞ്ചായത്തിൽ വടകോട്ടത്തറയിൽ താമസിക്കുന്ന മുരുകൻ എന്ന വ്യക്തി ഈ മാസം പത്താം തീയ്യതി രാത്രി അഞ്ചുപേരെ കൂട്ടി വന്ന് ജെ.സി.ബി ഉപയോഗിച്ച് ഭൂമി കയ്യേറിയെന്നും അവിടെയുണ്ടായിരുന്ന കമ്പിവേലി പൊളിച്ച് റോഡ് നിർമ്മിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ പൊളിച്ച വേലി വീണ്ടും കെട്ടിക്കൊണ്ടിരിക്കുമ്പോൾ തന്റെ മകനെ മുരുകൻ ഭീഷണിപ്പെടുത്തിയെന്നും പൊന്നി പറയുന്നു. 

ആദിവാസി ഇരുളവിഭാഗത്തിലെ അംഗമായ ഞങ്ങളോട് വളരെ മോശമായ രീതിയിലാണ് അവർ പെരുമാറിയത്. ഭൂമി കയ്യേറിയത് സംബന്ധിച്ച് പരാതി കൊടുത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.  ഭൂമി കൈയേറാൻ ഉപയോഗിച്ച വാഹനം കണ്ടെത്തി, വേലി പൊളിച്ചതിനടക്കമുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ഇവർ  ആവശ്യപ്പെടുന്നത്. ഭൂമി കച്ചവടക്കാരായ മുരുകന്റെ കൂടെയുണ്ടായിരുന്ന ആളുകളുടെ പേരിലും  ആദിവാസികൾക്ക് നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.