ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസ്; വിധി പറയാതെ ലോകായുക്ത

  1. Home
  2. Trending

ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസ്; വിധി പറയാതെ ലോകായുക്ത

lokayuktha


ദുരിതാശ്വാസഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ. കേസിൽ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷം പിന്നിട്ടിരുന്നു.കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസ്സാക്കിയെങ്കിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല.

രാഷ്ട്രീയകേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന കേസ്. കേസിൻറെ പേരിൽ ലോകായുക്തയുടെ ചിറകരിയാൻ നിയമം വരെ കൊണ്ടുവന്ന സർക്കാർ. വൻ രാഷ്ട്രീയ കോളിളക്കമുണ്ടായ സംഭവങ്ങൾക്കിടെയാണ് കേസിൽ വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടത്. മുഖ്യന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറുമാസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിൻറെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായ പരാതിക്കാരൻ ആർഎസ് ശശികുമാറിൻറെ നീക്കം. ലോകായുക്ത രജിസ്ട്രാർക്കെതിരായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദുമാണ് വിധി പറയേണ്ടത്. വാദത്തിനിടെ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ പലതും ലോകായുക്തയിൽ നിന്നുണ്ടായി. സർക്കാർ പണം ഇഷ്ടം പോലെ ചെലവഴിക്കാമോ എന്ന ചോദ്യം വരെ ഉയർന്നു. 

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസചെലവിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ.കെ.രാമചന്ദ്രൻറെ മകന് ജോലിക്ക് പുറമെ സ്വർണ്ണപണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണൻറെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷവും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതിലായിരുന്നു പരാതി. 

ലോകായുക്ത പതിനാലാം വകുപ്പ് പ്രകാരം വിധി എതിരായാൽ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട സ്ഥിതിയാണ്. നേരത്തെ കെടി ജലീലിന് മന്ത്രിസ്ഥാനം പോയത് ഈ വകുപ്പ് പ്രകാരമായിരുന്നു. 14 ാം വകുപ്പ് ഭേദഗേതി ചെയ്താണ് സർക്കാർ ബിൽ കൊണ്ടുവന്നത്. മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭക്കും മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുനപരിശോധിക്കാൻ വ്യവസ്ഥയുള്ള ബിൽ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പാസ്സാക്കിയത്. പക്ഷെ ഗവർണർ ഇതടക്കമുള്ള വിവാദ ബില്ലിൽ ഇതുവരെ തൊട്ടിട്ടില്ല. കേസിൽ ഇനി ഹൈക്കോടതി നിലപാടാണ് പ്രധാനം