നേതാക്കളുടെ പ്രവര്‍ത്തനത്തിന് മാര്‍ക്കിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തി വിലയിരുത്തൽ

രാഷ്ട്രീയകാര്യ നിര്‍വാഹ സമിതി തുടങ്ങി ബൂത്ത് തലം വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനത്തിന് മാര്‍ക്കിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തി ഇക്കാര്യം കണ്ടെത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഡിസിസി, ബ്ലോക്ക്, മണ്ഡലതലം വരെയുള്ള നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് കെപിസിസി ഭാരവാഹികളാണ്. വയനാട് നടന്ന ക്യാമ്പ് എക്സിക്യൂട്ടീവിലാണ് ഇക്കാര്യം തീരുമാനിച്ചത്. ശേഷം കോണ്‍ഗ്രസ് പുറത്തിറക്കിയ സര്‍ക്കുലറിലും ഇക്കാര്യം പറയുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു നേതാക്കള്‍ക്ക് ചുമതല നല്‍കിയാണ് കെപിസിസി എക്സിക്യൂട്ടീവ് സമാപിച്ചത്. ചിട്ടയായ സംഘടന പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിക്കാനാണ് തീരുമാനം. പ്രാദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായി മുന്നോട്ടുപോകാനും ക്യാംപില്‍ തീരുമാനിച്ചു.