കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി; കൈമലർത്തി ഹൈക്കമാന്റ്, പണം കണ്ടെത്താൻ പി.സി.സികൾ പിരിവിന് ഇറങ്ങണം

  1. Home
  2. Trending

കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി; കൈമലർത്തി ഹൈക്കമാന്റ്, പണം കണ്ടെത്താൻ പി.സി.സികൾ പിരിവിന് ഇറങ്ങണം

congress



കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പിരിവിന് ഇറങ്ങാൻ പിസിസികൾക്ക് മടി. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ തുറക്കാൻ പോലും പണം ഇല്ലാത്ത നിലയിൽ സാമ്പത്തിക പ്രതിസന്ധിയിലാണ് കോൺഗ്രസ് നേതൃത്വം. അതേസമയം ക്രൗഡ് ഫണ്ടിംഗ് വിജയിക്കുമോയെന്ന ആശയക്കുഴപ്പത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിസിസി നേതൃത്വങ്ങൾ പാര്‍ട്ടി ദേശീയ നേതൃത്വത്തെ ആശങ്കയറിയിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്ക് പിരിച്ചതിന് പിന്നാലെ വീണ്ടും പണപ്പിരിവിന് ഇറങ്ങാൻ പല സംസ്ഥാന നേതൃത്വങ്ങളും കേന്ദ്ര നേതൃത്വത്തെ വിമുഖത അറിയിച്ചിട്ടുണ്ട്. 

മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തെ വലയ്ക്കുന്നത്. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി നേതൃത്വം. ചെലവുകള്‍ക്കായി സംസ്ഥാന ഘടകങ്ങള്‍ക്ക് ഇതുവരെ എഐസിസി പണം നല്‍കിയിട്ടില്ല. ക്രൗഡ് ഫണ്ടിംഗിലൂടെയോ , സംഭാവനകള്‍ സ്വീകരിച്ചോ പണം  കണ്ടെത്താനാണ് പിസിസികളോട് പറഞ്ഞത്. സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളും പണം കണ്ടെത്താൻ ശ്രമം നടത്തണമെന്നും നിർദ്ദേശം ഉണ്ട്.