മോദിയെക്കുറിച്ച് പറഞ്ഞാല്‍ കുടുംബം അകത്താകുമെന്ന് മുഖ്യമന്ത്രിക്ക് ഭയം; എല്‍ഡിഎഫ്-ബിജെപിക്ക് വോട്ട് മറിക്കുമെന്ന സംശയം: മുരളീധരൻ

  1. Home
  2. Trending

മോദിയെക്കുറിച്ച് പറഞ്ഞാല്‍ കുടുംബം അകത്താകുമെന്ന് മുഖ്യമന്ത്രിക്ക് ഭയം; എല്‍ഡിഎഫ്-ബിജെപിക്ക് വോട്ട് മറിക്കുമെന്ന സംശയം: മുരളീധരൻ

K Muraleedharan mp


തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീല്‍ സജീവമാണ്. ഏത് ഡീല്‍ നടന്നാലും കേരളത്തില്‍ 20 ല്‍ 20 സീറ്റും യു.ഡി.എഫ്. ജയിക്കും. ജനങ്ങള്‍ യു.ഡി.എഫിനെ ഏറ്റെടുത്തുകഴിഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഇടതുപക്ഷത്തിന് ഒരു നിലപാടില്ല. അതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ത്രിപുരയിലും സിപിഎം കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റ് സ്വീകരിച്ചുകൊണ്ടാണ് കേരളത്തില്‍ സി.പി.എം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നത്. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വമാണെങ്കില്‍ രാജസ്ഥാനില്‍ എന്തിന് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നുവെന്ന് മുരളീധരന്‍ ചോദിച്ചു.

ദേശീയനയമില്ലാത്ത മുന്നണിയെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും. നരേന്ദ്രമോദിയെക്കുറിച്ച് ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെയാണ് കുറ്റം പറയുന്നത്. മോദിയെ കുറ്റം പറഞ്ഞാല്‍ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ജല്‍പ്പനങ്ങള്‍ ജനം അവജ്ഞയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.