ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം; മണ്ഡലം പ്രസിഡന്റിനെ സസ്പെന്റ് ചെയ്ത് കോണ്‍ഗ്രസ്

  1. Home
  2. Trending

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം; മണ്ഡലം പ്രസിഡന്റിനെ സസ്പെന്റ് ചെയ്ത് കോണ്‍ഗ്രസ്

savrkkar


ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സംഘപരിവാര്‍ നേതാവ് വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ നടപടിയുമായി എറണാകുളം ഡിസിസി. സംഭവവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്റ് ചെയ്തു. കോട്ടായി ജങ്ഷനില്‍ വച്ച ബോര്‍ഡ് വിവാദമായതിന് പിന്നാലെയാണ് നടപടി.

ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. പ്രദേശത്തെ പന്തല്‍ നിര്‍മ്മാണ പണിക്കാരാനാണ് സുരേഷ്. സ്ഥിരമായി ഫ്ലക്സ് ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലത്ത് ചെന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ പടംവച്ച് ഒരു ബാനര്‍ വേണമെന്ന് ആവശ്യപ്പെടുകയും അതിനനുസരിച്ച് ഒരു ബാനര്‍ ഉണ്ടാക്കി തരുകയുമായിരുന്നു എന്നാണ് സുരേഷ് പറയുന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ബാനര്‍ സ്ഥാപിച്ചത്. സവര്‍ക്കറുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടതോടെ സുരേഷ് ബാനര്‍ മാറ്റാതെ പകരം ഗാന്ധിജിയുടെ ഒരു ചിത്രം ഒട്ടിക്കുകയായിരുന്നു.

നെടുമ്പാശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് സംഭവം. സവര്‍ക്കര്‍ ബാനറില്‍ ഇടംപിടിച്ചതോടെ സാമൂഹിക മാധ്യമത്തില്‍ കോണ്‍ഗ്രസിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി.