കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെച്ച് ബിജെപി സഖ്യത്തിൽ; മറ്റത്തൂരിൽ വൻ അട്ടിമറി
തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിനെ ഞെട്ടിച്ച് കോൺഗ്രസ് അംഗങ്ങളുടെ കൂട്ടരാജിയും ബിജെപി സഖ്യവും. പഞ്ചായത്തിലെ ആകെയുള്ള എട്ട് കോൺഗ്രസ് മെമ്പർമാരും പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കി ഭരണത്തിലെത്തി. സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.
കോൺഗ്രസിൽ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളുടെയും ബിജെപിയിലെ മൂന്ന് അംഗങ്ങളുടെയും ഉൾപ്പെടെ 11 വോട്ടുകൾ നേടിയാണ് ടെസി ജോസ് വിജയിച്ചത്. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. അതേസമയം, എൽഡിഎഫ് പിന്തുണച്ച സ്വതന്ത്ര അംഗം കെ.ആർ ഔസേഫിന് 10 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. കോൺഗ്രസ് വിമതനായി ജയിച്ച സ്വതന്ത്രനെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനുള്ള എൽഡിഎഫ് നീക്കത്തിനിടയിലാണ് അപ്രതീക്ഷിതമായി കോൺഗ്രസ് അംഗങ്ങൾ ബിജെപി പാളയത്തിലെത്തിയത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പ്രവർത്തകരോടും നേതൃത്വം കാണിച്ച നീതികേടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അംഗങ്ങൾ വ്യക്തമാക്കി. മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ഇതോടെ പഞ്ചായത്ത് ഭരണത്തിൽ ബിജെപി-കോൺഗ്രസ് സഖ്യം പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
