കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; കണ്ണൂരിൽ ടി.ഒ. മോഹനൻ, നേമത്ത് കെ.എസ്. ശബരീനാഥൻ
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും മാരത്തൺ ചർച്ചകൾക്കും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 37 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഹൈക്കമാൻഡ് അംഗീകരിച്ചത്. ഏറെ നാടകീയതകൾക്ക് ശേഷം കെ. സുധാകരൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായി. പാർട്ടി തീരുമാനമാണ് വലുതെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനനാണ് പകരം സ്ഥാനാർത്ഥിയാവുക.
ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കാൻ പോകുന്ന നേമത്ത് കെ.എസ്. ശബരീനാഥനെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ആറന്മുളയിൽ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി മത്സരിക്കും. തൃപ്പൂണിത്തുറയിൽ കെ. ബാബുവിന്റെ നിർദ്ദേശപ്രകാരം ദീപക് ജോയ് സ്ഥാനാർത്ഥിയായപ്പോൾ, എം. ലിജുവിനെ കായംകുളത്തേക്ക് മാറ്റി. അടൂർ പ്രകാശ് ലക്ഷ്യമിട്ടിരുന്ന കോന്നിയിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനാണ് നറുക്കുവീണത്. ഇടുക്കിയിൽ റോയ് കെ. പൗലോസും തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരും ജനവിധി തേടും.
നാല് സീറ്റുകളിൽ സ്വതന്ത്രരെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിൽ അമ്പലപ്പുഴയിൽ ജി. സുധാകരൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, ഒറ്റപ്പാലത്ത് പി.കെ. ശശി എന്നീ സിപിഎം വിമതരെ കോൺഗ്രസ് പിന്തുണയ്ക്കും എന്നത് ശ്രദ്ധേയമാണ്. മുതിർന്ന നേതാക്കളുടെ സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് പല മണ്ഡലങ്ങളിലും അന്തിമ തീരുമാനമെടുത്തത്. സ്ഥാനാർത്ഥി പട്ടിക പൂർണ്ണരൂപത്തിൽ താഴെ നൽകുന്നു:
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക:
ഉദുമ - കെ. നീലകണ്ഠൻ, തൃക്കരിപ്പൂർ - സന്ദീപ് വാര്യർ, കല്യാശ്ശേരി - രാജീവൻ കപ്പച്ചേരി, കണ്ണൂർ - അഡ്വ. ടി.ഒ. മോഹനൻ, മട്ടന്നൂർ - ചന്ദ്രൻ തില്ലങ്കേരി, പട്ടാമ്പി - ടി.പി. ഷാജി, ഷൊർണൂർ - പി. ഹരിഗോവിന്ദൻ, കുന്നംകുളം - പി.ടി. അജയമോഹൻ, വടക്കാഞ്ചേരി - വൈശാഖ് നാരായണസ്വാമി, പെരുമ്പാവൂർ - മനോജ് മൂത്തേടൻ, തൃപ്പൂണിത്തുറ - ദീപക് ജോയ്, കൊച്ചി - മുഹമ്മദ് ഷിയാസ്, വൈപ്പിൻ - ടോണി ചമ്മണി, ഏറ്റുമാനൂർ - നാട്ടകം സുരേഷ്, കാഞ്ഞിരപ്പള്ളി - പ്രൊഫ. റോണി കെ. ബേബി, പൂഞ്ഞാർ - സെബാസ്റ്റിയൻ എം.ജെ., ദേവികുളം - എഫ്. രാജ, ഉടുമ്പൻചോല - അഡ്വ. സേനാപതി വേണു, ഇടുക്കി - റോയ് കെ. പൗലോസ്, പീരുമേട് - അഡ്വ. സിറിയക് തോമസ്, ആലപ്പുഴ - എ.ഡി. തോമസ്, കായംകുളം - എം. ലിജു, ചെങ്ങന്നൂർ - എബി കുര്യാക്കോസ്, റാന്നി - പഴകുളം മധു, കോന്നി - സതീഷ് കൊച്ചുപറമ്പിൽ, അടൂർ - ശാന്തകുമാർ, ചടയമംഗലം - എം.എം. നസീർ, ആറന്മുള - അബിൻ വർക്കി, വർക്കല - വർക്കല കഹാർ, നെടുമങ്ങാട് - മീനാങ്കൽ കുമാർ, വാമനപുരം - സുധീർഷ പാലോട്, കഴക്കൂട്ടം - ടി. ശരത്ചന്ദ്രപ്രസാദ്, നേമം - കെ.എസ്. ശബരീനാഥൻ, അരുവിക്കര - വി.എസ്. ശിവകുമാർ, കാട്ടാക്കട - എം.ആർ. ബൈജു, പാറശ്ശാല - നെയ്യാറ്റിൻകര സനൽ, നെയ്യാറ്റിൻകര - എൻ. ശക്തൻ.
