വിമര്‍ശനത്തിന് പിന്നാലെ ജയ്പുരിലെ സ്ഥാനാര്‍ഥിയെ മാറ്റി കോണ്‍ഗ്രസ്

  1. Home
  2. Trending

വിമര്‍ശനത്തിന് പിന്നാലെ ജയ്പുരിലെ സ്ഥാനാര്‍ഥിയെ മാറ്റി കോണ്‍ഗ്രസ്

sunil-sharma


വിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനിലെ ജയ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി. കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന സുനില്‍ ശര്‍മയെ ആണ് മാറ്റിയത്. പകരം പ്രതാപ് സിങ് ഖചാരിയവാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും വിമര്‍ശിക്കുന്ന യുട്യൂബ് ചാനലായ 'ദി ജയ്പുര്‍ ഡയലോഗ് ഫോറ'വുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സുനില്‍ ശര്‍മയ്ക്ക് സീറ്റ് നല്‍കിയത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ഉള്‍പ്പെടെ സുനില്‍ ശര്‍മക്കെതിരേ പരസ്യമായി രംഗത്തെത്തി.മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജയ് ദീക്ഷിത് 2016-ല്‍ സ്ഥാപിച്ച ദി ജയ്പുര്‍ ഡയലോഗിന്റെ ഡയറക്ടറും പങ്കാളിയുമാണ് സുനില്‍ ശര്‍മയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാനലിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റുചെയ്ത ഉള്ളടക്കത്തില്‍ ഭൂരിഭാഗവും രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ളതാണ്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനുപുറമേ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് ചാനലിലുള്ളതെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, തനിക്ക് യുട്യൂബ് ചാനലുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് വ്യക്തമാക്കാന്‍ ഒരു പാനലിസ്റ്റ് എന്നനിലയില്‍ പങ്കെടുത്തിട്ടേയുള്ളൂവെന്നുമാണ് സുനില്‍ ശര്‍മയുടെ വിശദീകരണം. രാജസ്ഥാന്‍ മുന്‍ മന്ത്രിയാണ് ജയ്പുരിലെ പുതിയ സ്ഥാനാര്‍ഥി പ്രതാപ് സിങ് ഖചാരിയവാസ്.