'വിവാദ പരസ്യം'; പരസ്യം പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ല എന്ന് അറിയിച്ചിരുന്നു, നടപടി ഉണ്ടാവും: സുപ്രഭാതം മാനേജ്മെന്റ്
വിവാദ പരസ്യം സമസ്ത മുഖപത്രത്തിൽ വന്നതിന് പിന്നിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയെന്ന് ആരോപണം. പരസ്യം പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ല എന്ന് അറിയിച്ചിട്ടും പ്രസിദ്ധീകരിക്കാൻ ചിലർ നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. വീഴ്ച പറ്റിയെന്ന് സുപ്രഭാതം ഗൾഫ് വൈസ് ചെയർമാൻ കെ പി മുഹമ്മദും പറഞ്ഞതോടെ ഉത്തരവാദികൾക്ക് എതിരെ നടപടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
പരസ്യ വിവാദത്തിൽ സുപ്രഭാതം പത്രത്തിന്റെ മാനേജ്മെന്റിനകത്ത് നിന്നുള്ളവരും നിക്ഷേപകരും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ലീഗ് വിരുദ്ധ ചേരിയായി അറിയപ്പെടുന്ന രണ്ടോ മൂന്നോ ആളുകളാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന വിലയിരുത്തലുണ്ട്. വാർത്തകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ നിന്ന് ഈ പരസ്യം കൊടുക്കുന്നത് വലിയ രീതിയിലുള്ള പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും പരസ്യവുമായി മുന്നോട്ട് പോകാനുള്ള നിർദ്ദേശം ലഭിച്ചെന്നാണ് പറയപ്പെടുന്നത്.
മുനമ്പം വിഷയത്തിൽ വർഗീയ സ്വഭാവത്തിലുള്ള ലേഖനങ്ങൾ കൂടി വന്നത് സമുദായത്തിനും സമസ്തയ്ക്കും വലിയ മോശമായെന്നാണ് മാനേജ്മെന്റിനുള്ളിലും നിക്ഷേപകർക്കിടയിലുമുള്ള വിലയിരുത്തൽ. പത്രത്തിന് വലിയ പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്ന ഔദ്യോഗികമായ അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. എഡിറ്റോറിയൽ ജീവനക്കാരിലേയ്ക്ക് നടപടികൾ ചുരുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.