'ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ല, മുഖ്യമന്ത്രിയെ; സമസ്ത അധ്യക്ഷനെതിരായ പരോക്ഷ വിമർശനം വിവാദമായതോടെ വിശദീകരണവുമായി പിഎംഎ സലാം

  1. Home
  2. Trending

'ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ല, മുഖ്യമന്ത്രിയെ; സമസ്ത അധ്യക്ഷനെതിരായ പരോക്ഷ വിമർശനം വിവാദമായതോടെ വിശദീകരണവുമായി പിഎംഎ സലാം

pma salam


സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷവിമർശനം വിവാദമായതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നും പിഎംഎ സലാം വിശദീകരിച്ചു.പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്.

സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജയിച്ചപ്പോൾ മറ്റൊരു നേതാവ് അനുഗ്രഹിച്ച ഡോ. പി. സരിൻ മൂന്നാമതായെന്നും മുസ്ലിം സമുദായം ആർക്കൊപ്പമാണെന്ന് ഇതിലൂടെ വ്യക്തമായെന്നുമായിരുന്നു പരാമർശം. പരാമർശത്തിന് പിന്നാലെ സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തി.

സമസ്തയുടെ പണ്ഡിതരെ അപമാനിക്കാൻ സലഫി ആശയക്കാരനായ പി.എം.എ സലാം മുസ്ലിം ലീഗിനെ മറയാക്കുന്നെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുമെന്നുമായിരുന്നു പ്രസ്താവന. ഇതോടെയാണ് പിഎംഎ സലാം വിശദീകരണവുമായി രംഗത്ത് വന്നത്.

താൻ ജിഫ്രി മുത്തുക്കോയ തങ്ങളെ  ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് വിശദീകരണത്തിൽ പി എം എ സലാം വ്യക്തമാക്കിയത്. സരി നെ അനുഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് തന്‍റെ പ്രസ്താവന എന്നും മറിച്ചുള്ള വാദം മുത്തുക്കോയ തങ്ങളെ അപമാനിക്കാൻ ആണെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.