അഴിമതിക്കാർ വലിയ പ്രയാസം നേരിടേണ്ടിവരും; പാലക്കാട്ടെ സംഭവം അപമാനകരമെന്ന് മുഖ്യമന്ത്രി

  1. Home
  2. Trending

അഴിമതിക്കാർ വലിയ പ്രയാസം നേരിടേണ്ടിവരും; പാലക്കാട്ടെ സംഭവം അപമാനകരമെന്ന് മുഖ്യമന്ത്രി

Black umbrella and mask banned in Calicut University before CM visit


അഴിമതിക്കാരായ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാരിൽ എല്ലാവരും അഴിമതിക്കാരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷവും സത്യസന്ധമായ സർവീസ് ജീവിതം നയിക്കുന്നവരാണ്. എന്നാൽ ഒരു വിഭാഗം തെറ്റായ നടപടികൾ സ്വീകരിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ ഇടപെടണം. അത് അവരെ തിരുത്താനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതല്ല സംസ്ഥാനത്തിന്റെ ഭരണസംസ്‌കാരം. അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന സർക്കാർ നിലപാട് ജീവനക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്ടെ കൈക്കൂലി സംഭവം വകുപ്പിനും നാടിനും ദുഷ്പേരുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശമ്പളത്തിന് പുറമെ തെറ്റായ ജീവിതം നയിക്കുന്നതിനാണ് അഴിമതി എന്നാണ് കരുതിയത്. എന്നാൽ, ഇദ്ദേഹത്തിന്റെ കാര്യത്തിൽ ശമ്പളം അതുപോലെ കിടക്കുകയാണ്. ഈ തരത്തിലുള്ള അപജയം നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് അപമാനകരമാണ്. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. എല്ലാ കാര്യങ്ങളും എല്ലാവരും മനസ്സിലാക്കുന്നുണ്ട്. പിടികൂടിയാൽ വലിയ പ്രയാസം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.