വോട്ടെണ്ണൽ ആരംഭിച്ചു; കണ്ണിമ വെട്ടാതെ മുന്നണികൾ, ആദ്യ ഫലസൂചന ഒൻപത് മണിയോടെ

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാകും എണ്ണുക.
ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഈ ഘട്ടത്തില്‍ എണ്ണും. അരമണിക്കൂറിനു ശേഷം സമാന്തരമായി വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. രാവിലെ ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും.
എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നാണ് നിര്‍ദേശം. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാകും റിസള്‍ട്ട് പ്രഖ്യാപിക്കുക.
രാവിലെ 11 മണിയോടെ വിജയിയെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സിസിടിവി മോണിറ്ററിങ് ഉണ്ടാകും. രാഷ്ട്രീയപ്പാര്‍ട്ടി ഏജന്റുമാര്‍ക്ക് രേഖകള്‍ പരിശോധിക്കാന്‍ അവസരമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.