സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്‌കരണം; പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു

സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്‌കരണം സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനു രൂപീകരിച്ച റിട്ട.ജസ്റ്റിസ് വി.കെ മോഹനന്‍ സമിതി, വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നു. ഇതിനായി മേഖലാതല ഹിയറിങ് നടത്തും. മൂന്നു മേഖലകളിലായി ജൂണ്‍ 19 മുതല്‍ 22 വരെയാകും ഹിയറിങ്ങെന്ന് വി.കെ മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉത്തര മേഖലാ ഹിയറിങ്ങില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ഹിയറിങ് ജൂണ്‍ 19നു കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. കണ്ണൂര്‍ ജില്ലയുടെ ഹിയറിങ് രാവിലെ 10 മുതല്‍ 12 വരെയും കാസര്‍കോഡ് ജില്ലയുടേത് ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെയുമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ഹിയറിങ് 20നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വയനാട് ജില്ലയുടേത് രണ്ടു മുതല്‍ നാലു വരെയും കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.
മധ്യ മേഖലാ ഹിയറിങ്ങില്‍ പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളുടെ സിറ്റിങ് 21നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളുടെ സിറ്റിങ് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. ദക്ഷിണ മേഖലാ ഹിയറിങ്ങില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ഹിയറിങ് 22നു രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും പത്തനംതിട്ട ജില്ലയുടേത് വൈകിട്ടു മൂന്നു മുതല്‍ അഞ്ചു വരെയും തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും