'കലാരാജുവിന്റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജം'; കേസ് എഴുതിത്തള്ളുമെന്ന് പൊലീസ്

കൂത്താട്ടുകുളത്തെ കൗൺസിലർ കലാ രാജുവിന്‍റെ മകനെതിരെ സിപിഎം പ്രാദേശിക നേതാവ് നൽകിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. കലാ രാജുവിന്‍റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദിച്ചെന്നാരോപിച്ച് സിപിഎം തിരുമാറായി ലോക്കൽ കമ്മിറ്റി അംഗം സിബി പൗലോസ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു.
എന്നാൽ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി. കൂത്താട്ടുകുളത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി പൗലോസിന്‍റെ പരാതി. കഴമ്പില്ലാത്തതിനാൽ കേസ് എഴുതിത്തളളാൻ കോടതിക്ക് ഉടൻ റിപ്പോർട് നൽകുമെന്ന് കൂത്താട്ടുകുളം പൊലീസ് അറിയിച്ചു.