ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയണം; ഗീവർഗീസ് മാർ കൂറിലോസിന് പിന്തുണയുമായി സിപിഎം നേതാവ്

  1. Home
  2. Trending

ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയണം; ഗീവർഗീസ് മാർ കൂറിലോസിന് പിന്തുണയുമായി സിപിഎം നേതാവ്

com


ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നിലപാടിന് പരസ്യപിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. കെ. പ്രകാശ് ബാബു. ഫെയ്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതിപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രകാശ് ബാബു അഭിപ്രായപ്രകടനം നടത്തിയത്. 

കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു ഉദ്ഘാടകൻ. ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞു. നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോയാൽ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗീവർഗീസ് മാർ കൂറിലോസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ ഇടതനുകൂലികൾക്കിടയിലും അമർഷം പുകയുകയാണ്. അതൃപ്തി പ്രകടിപ്പിച്ച് ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിൽ കുറിപ്പിട്ടു. ഇടതുപക്ഷക്കാരനായി അറിയപ്പെടുന്നയാളാണ് മാർ കൂറിലോസ്. അദ്ദേഹമുയർത്തിയ വിമർശനം ക്രിയാത്മകമായി കാണാതെ വ്യക്തിപരമായി ആക്ഷേപിച്ചതു ശരിയായില്ലെന്നാണ് ഇടതുസഹയാത്രികരും കുറ്റപ്പെടുത്തുന്നത്. 

ഇ.എം.എസിന്റെ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തവരുമുണ്ട്. 'ജനങ്ങളെ സേവിക്കുന്ന ജോലിവിട്ട് വേറെയെന്തെങ്കിലും ചെയ്യാൻ ഏതു നേതാവു തുടങ്ങിയാലും ആ നേതാവിനെ ജനങ്ങൾ ശരിപ്പെടുത്തും' എന്ന്  പറയുന്ന ഭാഗമാണിത്.

മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ് തിരുവല്ലയിലെ പരിസ്ഥിതിപരിപാടിക്ക് എത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'വ്യക്തിപരമായ വിമർശനങ്ങളോട് മുൻപും ഞാൻ പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം. ഞാൻ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് അവിടെത്തന്നെയുണ്ട്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.

അതേസമയം ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ സൂക്ഷിക്കേണ്ടതായിരുന്നുവെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തകഴിയുടെ ശൈലിയിൽ സംസാരിക്കാൻ പിണറായിക്കാവില്ല. പിണറായിയുടെ ചില ശൈലികൾ എല്ലാവർക്കും ഇഷ്ടമാകില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.